കോഴിക്കോട്: മഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ മുസ്‌ലിംകളായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത് പ്രതിഷേധാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പറഞ്ഞു. മുസ്‌ലിമായതിന്റെ പേരില്‍ കടുത്ത വിവേചനമാണ് സര്‍ക്കാര്‍ സര്‍വീസുകളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്നത്. അടുത്തിടെയായി പൊലിസ് സേനയില്‍ ഇത്തരം നീക്കങ്ങള്‍ വ്യാപകമാണ്. കേസ് അന്വേഷണങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നതും ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതും ഉള്‍പ്പടെയുള്ള വേട്ടയാടലുകള്‍ വഴി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. മുസ്‌ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ഇത്തരം സമീപനം ആഭ്യന്തരവകുപ്പ് അവസാനിപ്പിക്കണം.
പൊലിസ് സ്റ്റേഷനുകളില്‍ പൂജ നടത്തുന്നതിനും മറ്റു മതാചാരപ്രകാരം ഡ്യൂട്ടി എടുക്കുന്നതിനും അനുമതി നല്‍കുന്ന ആഭ്യന്തരവകുപ്പ് മുസ്‌ലിം പൊലിസുകാര്‍ നാട്ടിലെ മഹല്ല് കൂട്ടായ്മകളിലും പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമാവുന്നത് അപരാധമായി കാണുന്നതിന്റെ കാരണം ദുരൂഹമാണ്. ശബരിമലയുടെ പേരില്‍ കലാപാഹ്വാനം നടത്തിയ ആർ.എസ്.എസ് നേതാവായ വര്‍ഗീയവാദി വല്‍സന്‍ തില്ലേങ്കരിക്ക് പ്രസംഗിക്കാന്‍ മൈക്ക് നല്‍കിയത് പൊലിസുകാരാണ്.