ബിജെപിയുടെ അവസാന മുസ്‌ലിം എംപിയും പടിയിറങ്ങി; മുസ്‌ലിം എംപിമാരില്ലാതെ കേന്ദ്ര മന്ത്രി സഭ

0
433

മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ബിജെപിയുടെ 395 പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരു മുസ്‌ലിം എംപിയും ഉണ്ടാകില്ല. മന്ത്രിയെന്ന നിലയിൽ നഖ്‌വി രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ മന്ത്രിസഭാ യോഗത്തിൽ അഭിനന്ദിച്ചു.

15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കാലാവധി അവസാനിച്ച മൂന്ന് ബിജെപി എംപിമാരില്‍ ഒരാളാണ് ബുധനാഴ്ച്ച കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവച്ച നഖ്‌വി. ഏറെ നാളുകൾക്ക് ശേഷമാണ് ബിജെപിക്ക് മുസ്ലീം എംപി ഇല്ലാത്തത്. കേന്ദ്രമന്ത്രിസഭയിൽ മുസ്ലീം അംഗം ഇല്ലാത്ത അപൂർവ സന്ദർഭം കൂടിയാണിത്.

മുന്‍ കേന്ദ്രമന്ത്രി എം ജെ അക്ബര്‍, സയ്യിദ് സഫര്‍ ഇസ്‌ലാം എന്നിവരുടെ കാലാവധി ഇതിനകം അവസാനിച്ചിരുന്നു. എന്നാല്‍ അവരാരേയും പാര്‍ട്ടി പുനര്‍നിര്‍ദേശം ചെയ്യാന്‍ തയ്യാറായില്ല. മുസ്ലിങ്ങൾക്ക് മതിയായ പ്രാതിനിധ്യം ബിജെപി നല്‍കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു, എന്നാല്‍ തങ്ങളുടെ എംപിമാര്‍ എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. രാഷ്ട്രീയത്തെ മതവുമായി ബന്ധിപ്പിക്കരുതെന്നും എംപിമാര്‍ തെരഞ്ഞെടുക്കപ്പെടുന്നത്‌ ജനങ്ങളുടെ പ്രതിനിധികളായിട്ടാണെന്നും ഏതെങ്കിലും മതത്തിന്റെ പ്രതിനിധികള്‍ അല്ലെന്നും ബിജെപി ന്യൂനപക്ഷ മോര്‍ച്ച മേധാവി ജമാല്‍ സിദ്ദിഖി പറഞ്ഞു.

‘അതിനാല്‍ നമ്മുടെ ജാതിയില്‍ നിന്നോ മതത്തില്‍ നിന്നോ ആരെങ്കിലും അവിടെ ഇല്ലെങ്കില്‍ പോലും, നമ്മുടെ നാട്ടുകാര്‍ അവിടെ ഉണ്ടെന്ന് മനസ്സിലാക്കണം. ബിജെപിയില്‍ ഉത്തരവാദിത്തങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്, പാര്‍ട്ടി എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നഖ്‌വിയുടെ രാജിയോടെ മുസ്‌ലിം സമുദായത്തിന്റെ കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യവും അവസാനിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here