അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഗ്രാന്‍ഡ് പ്രൈസ് നേടിയവരും ഇലക്ട്രോണിക് നറുക്കെടുപ്പുകളില്‍ വിജയിച്ചവരുമായ നാല് ഭാഗ്യവാന്മാരുടെ ഒത്തുചേരല്‍ വേറിട്ട അനുഭവമായി മാറി. വിജയം ആഘോഷിക്കുന്നതിനൊപ്പം അവരുടെ ജീവിത കഥ വിവരിക്കാനുള്ള വേദി കൂടിയായി മാറുകയായിരുന്നു ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടില്‍ ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച പാനല്‍ ഡിസ്‍കഷന്‍. ഓരോ വിജയിയുടെയും പിന്നിലുള്ള, അവര്‍ക്ക് മാത്രമറിയാവുന്ന കഥകള്‍ വിവരിച്ച ഈ സംഗമം ഇത്തരത്തിലെ ആദ്യത്തെ പരിപാടിയായിരുന്നു
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ നിരവധിപ്പേരുടെ ജീവിതം മാറിമറിയുന്നതില്‍ ബിഗ് ടിക്കറ്റ് സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. ഇപ്പോഴും എല്ലാ മാസവും ഉറപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്ന നറുക്കെടുപ്പുകളുടെ വിജയ സാക്ഷ്യം കൂടിയാണ് ഈ വിജയികള്‍. ഈ വര്‍ഷം മാത്രം ഇതുവരെ 60 ക്യാഷ് പ്രൈസ് വിജയികളെയാണ് ബിഗ് ടിക്കറ്റ് സൃഷ്ടിച്ചത്. ഏതാണ്ട് 11 കോടിയിലധികം ദിര്‍ഹമാണ് (237 കോടിയിധികം ഇന്ത്യന്‍ രൂപ) ഇവര്‍ സ്വന്തമാക്കിക്കഴിഞ്ഞത്.
ബിഗ് ടിക്കറ്റിന്റെ അവതാരകരിലൊരാളായ റിച്ചാര്‍ഡ് പറയുന്നു: “എല്ലാ മാസവും വിജയിയുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഹൃദയസ്‍പര്‍ശിയായ വേറിട്ട ജീവിത കഥകളാണ് എന്നെ തേടിയെത്തുന്നത്. ബിഗ് ടിക്കറ്റ് വെറുമൊരു നറുക്കെടുപ്പ് മാത്രമല്ലെന്നും ചാമ്പ്യന്‍മാരുടെ ജീവിതം മാറുന്ന വേദിയാണെന്നുമുള്ള യാഥാര്‍ത്ഥ്യത്തിന്റെ ഓര്‍മപ്പെടുത്തലാണത്. ഇന്ന് ഈ വിജയികള്‍ ഇവിടെ വിവരിച്ച അവരുടെ കഥകള്‍ എന്നെ ഏറെ ആത്ഭുതപ്പെടുത്തി, ഒപ്പം അവര്‍ക്ക് ലഭിച്ച സമ്മാനം അവര്‍ മറ്റുള്ളവര്‍ക്കായി പങ്കുവെച്ച രീതികളും”.
ലീന ജലാല്‍, ജേക്കബ് റോയ്, ഷാഹിദ് മഹ്‍മൂദ്, സഫ്‍വാന്‍ നിസാമുദ്ദീന്‍ എന്നിവരാണ് സംഗമത്തില്‍ ഒത്തുചേര്‍ന്നത്. അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ ലീന, തന്റെ നിരവധി സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം നറുക്കെടുപ്പിന്റെ ഏതാനും ദിവസങ്ങള്‍ മുമ്പ് മാത്രമാണ് ബിഗ് ടിക്കറ്റെടുത്തത്. എന്നാല്‍ അവരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് അവിടെ വിരാമമാവുകയായിരുന്നു. ബിഗ് ടിക്കറ്റിനെപ്പോലെ വ്യത്യസ്തത ഇഷ്ടപ്പെടുന്ന ലീന, ഇന്ന് തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരു ഭാഗം സംഭാവന ചെയ്യാനായി ചില സന്നദ്ധ സംഘടനകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കി തുക നാട്ടിലുള്ള കുടുംബത്തിന് പിന്തുണയായി മാറും.
മറ്റൊരു വിജയിയായ ജേക്കബും ഇന്ത്യക്കാരനാണ്. 1990 മുതല്‍ അബുദാബിയില്‍ താമസിക്കുന്ന അദ്ദേഹം തന്റെ 12 സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കുകയായിരുന്നു. മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനത്തിന് അര്‍ഹമായെന്നുള്ള സന്തോഷവാര്‍ത്ത അദ്ദേഹത്തെ തേടിയെത്തിയതാവട്ടെ ലോക തൊഴിലാളി ദിനമായ ഇക്കഴിഞ്ഞ മേയ് ഒന്നിനും. എന്നാല്‍ ഗ്രാന്റ് പ്രൈസ് തന്നെ ലക്ഷ്യമിട്ട് ജേക്കബ് ഇപ്പോഴും എല്ലാ മാസവും ടിക്കറ്റെടുക്കുകയാണ്.
ദുബൈയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിയായ ഷാഹിദ് മഹ്‍മൂദ് ഒരു ഗ്ലാസ് ഇന്‍സ്റ്റലേഷന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റെടുത്തിരുന്ന അദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ എത്തിയത്. സമ്മാനത്തുകയായ 1.5 കോടി ദിര്‍ഹം, ഇപ്പോള്‍ പാകിസ്ഥാനില്‍ ജീവിക്കുന്ന തന്റെ ഉറ്റ സുഹൃത്തുമായി ഷാഹിദ് പങ്കുവെച്ചു. വര്‍ഷങ്ങളായി ബിഗ് ടിക്കറ്റിന്റെ ആരാധകന്‍ കൂടിയായ ഷാഹിദ്, കൊവിഡ് കാലത്തിന് തൊട്ടുമുമ്പ് വരെ പ്രതിമാസ നറുക്കെടുപ്പ് വീക്ഷിക്കാനും സ്ഥിരമായി എത്തിയിരുന്നു.
കരീബിയന്‍ രാജ്യമായ സെയിന്റ് കിറ്റ്സ് നീവിസില്‍ നിന്നുള്ള ആദ്യത്തെ വിജയികൂടിയാണ് സംഗമത്തിലെത്തിയ മറ്റൊരു ഭാഗ്യവാനായ സഫ്‍വാന്‍ നിസാമുദ്ദീന്‍. ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ വിജയിയായ അദ്ദേഹം ദീര്‍ഘകാലമായി അബുദാബിയില്‍ താമസിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി പതിവായി ടിക്കറ്റെടുത്തിരുന്ന അദ്ദേഹത്തിന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ എത്തിയപ്പോള്‍ തന്നെ തന്റെ ആറാം ഇന്ദ്രിയം പ്രവര്‍ത്തിച്ചുവെന്നും ഒടുവില്‍ താന്‍ വിജയിയായെന്ന വിവരം മനസിലാക്കിയെന്നും അദ്ദേഹം പറയുന്നു. ഒരു പവര്‍ ജനറേഷന്‍ കമ്പനിയില്‍ എക്സിക്യൂട്ടീവ് മാനേജറായി ജോലി ചെയ്യുന്ന കഠിനാധ്വാനിയായ പ്രവാസിയാണ് അദ്ദേഹം. കുടുംബത്തെ നെഞ്ചിലേറ്റുന്ന അദ്ദേഹം തന്റെ മൂന്ന് മക്കള്‍ക്കുമായി നാട്ടില്‍ വസ്‍തുവകകള്‍ വാങ്ങാനും അതുവഴി അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാനുമാണ് പദ്ധതിയിടുന്നത്.
ബിഗ് ടിക്കറ്റ് അവതാരകരിലൊരാളായ ബുഷ്റ പറയുന്നു: “ബിഗ് ടിക്കറ്റിന്റെ വേദിയില്‍ ഓരോ മാസവും നടക്കുന്ന, ജീവിതം തന്നെ മാറിമറിയുന്ന നിമിഷങ്ങള്‍ യഥാര്‍ത്ഥ്യത്തില്‍ ആ വിജയിയുടെ മാത്രമല്ല അവര്‍ക്ക് ചുറ്റുമുള്ള നിരവധിപ്പേരുടെ ജീവിതത്തിലാണ് നിറം പകരുന്നതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വിജയിയായ ഉടന്‍ തന്നെ തനിക്ക് ചുറ്റുമുള്ളവര്‍ക്ക് എങ്ങനെ താങ്ങായി മാറാമെന്ന് ഓരോ വിജയികളും ആലോചിക്കുന്നത് തന്നെ വിസ്‍മയകരമാണ്. വിജയികളുടെയും അവര്‍ക്ക് പുറമെ അവര്‍ക്ക് ചുറ്റുമുള്ള വിശാലമായ സമൂഹത്തിലും ബിഗ് ടിക്കറ്റ് കൊണ്ടുവരുന്ന മാറ്റത്തിന്റെ അലയൊലിയാണിത്”.