മംഗളൂരു: ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻശ്രമിച്ച 602.200 ഗ്രാം സ്വർണവുമായി കാസകോട് സ്വദേശി അറസ്റ്റിൽ. മൊഗ്രാൽപുത്തൂർ കല്ലങ്കൈ വട്ടിൽ മുഹമ്മദ് ആസിഫ് അഹമ്മദ് (36) ആണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 31,31,440 രൂപ വിലവരും. ദുബായിൽനിന്നുവന്ന എയർ ഇന്ത്യ എക്സപ്രസിലെ യാത്രക്കാരനായിരുന്നു ഇയാൾ. സ്വർണം രാസവസ്തുക്കൾ ചേർത്ത് ദ്രവരൂപത്തിലാക്കി രണ്ട് പാൽപ്പൊടി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്. സ്വർണ ദ്രവത്തിന് 4.5 കിലോഗ്രാം തൂക്കം വരും. ഇതിൽനിന്ന് സംസ്കരിച്ചെടുത്ത സ്വർണം 602.200 ഗ്രാം ഉണ്ടായിരുന്നു.