ജൂലൈ 1 മുതല്‍ പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള പിഴ തുക ഇരട്ടിയാക്കി. ജൂണ്‍ 30 വരെ പാന്‍ കാര്‍ഡും (PAN) ആധാറും (aadhaar card) ബന്ധിപ്പിക്കുന്നതിനുള്ള പിഴ 500 രൂപയായിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്റെ (CBDT) നിര്‍ദ്ദേശപ്രകാരം ജൂലൈ 1 മുതല്‍ അത് 1000 രൂപയായി വര്‍ധിപ്പിച്ചു. പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ ആധാറും പാനും ഇനിയും ബന്ധിപ്പിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ 1000 രൂപ പിഴ (fine) അടയ്ക്കേണ്ടി വരും.
ആദായനികുതി പോര്‍ട്ടലില്‍ എങ്ങനെ പാന്‍ ആധാര്‍ ലിങ്കിംഗ് ഫീസ് അടയ്ക്കാം?
ചലാന്‍ നമ്പര്‍ ഐടിഎന്‍എസ് 280-ല്‍ പറയുന്ന തുക അടച്ച് എന്‍എസ്ഡിഎല്‍ പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് പിഴ അടയ്ക്കാവുന്നതാണ്. ”ചലാന്‍ നമ്പര്‍ ഐടിഎന്‍എസ് 280 പ്രകാരം മേജര്‍ ഹെഡ് 0021 (കമ്പനികള്‍ക്ക് ഒഴികെയുള്ള ആദായ നികുതി), മൈനര്‍ ഹെഡ് 500 (മറ്റ് രസീതുകള്‍) എന്നിവയ്ക്ക് കീഴില്‍ ആദായ നികുതി വകുപ്പിന്റെ ടാക്‌സ് ഇന്‍ഫര്‍മേഷന്‍ നെറ്റ് വർക്ക് വെബ്സൈറ്റില്‍ ലഭ്യമായ ഇ-പേയ്മെന്റ് സേവനത്തിലൂടെ അടയ്ക്കാവുന്നതാണ്,” ഡിഎസ്‌കെ ലീഗല്‍ പാര്‍ട്ണര്‍ ശരത് ചന്ദ്രശേഖര്‍ പറഞ്ഞു.
പിഴ തുക അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ
ഘട്ടം 1: https://onlineservices.tin.egov-nsdl.com/etaxnew/tdsnontds.jsp എന്ന ലിങ്ക് തുറക്കുക
ഘട്ടം 2: ചലാന്‍ നമ്പര്‍ ITNS 280 ല്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: അതില്‍ നിന്ന് അടയ്‌ക്കേണ്ട നികുതി തിരഞ്ഞെടുക്കുക
ഘട്ടം 4: മേജര്‍ ഹെഡ് 0021 (കമ്പനികള്‍ക്ക് ഒഴികെയുള്ള ആദായ നികുതി), മൈനര്‍ ഹെഡ് 500 (മറ്റ് രസീതുകള്‍) എന്നിവയ്ക്ക് കീഴിലായിരിക്കണം തുക അടയ്‌ക്കേണ്ടത്.
ഘട്ടം 5: നിങ്ങള്‍ക്ക് നെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ പണമടയ്ക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മോഡ് തിരഞ്ഞെടുത്ത് വിശദാംശങ്ങള്‍ നല്‍കുക.
ഘട്ടം 6: നിങ്ങളുടെ PAN, address, assessment year എന്നിവ നല്‍കുക
ഘട്ടം 7: ക്യാപ്ച കോഡ് നല്‍കി പേയ്മെന്റ് നടത്തുക
എന്‍എസ്ഡിഎല്‍ പോര്‍ട്ടലില്‍ നടത്തുന്ന പേയ്മെന്റുകള്‍ ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടലില്‍ കാണിക്കുന്നതിന് കുറച്ച് സമയമെടുക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?
” 2023 മാര്‍ച്ച് 31-നകം ഒരു നികുതിദായകന്‍ തന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ അവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. അത്തരം വ്യക്തികള്‍ക്ക്, 2023 മാര്‍ച്ച് 31-ന് ശേഷം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താനോ കഴിയില്ല,” ചന്ദ്രശേഖര്‍ പറഞ്ഞു.