അജ്മീര്‍: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്‌ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് അജ്മീര്‍ ദര്‍ഗ ഖാദിം അറസ്റ്റില്‍. തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്ന് വ്യാഴാഴ്ചയാണ് ദര്‍ഗ ഖാദിം ആയ ഗൗഹര്‍ ചിഷ്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവാചക നിന്ദ നടത്തിയ നുപുര്‍ ശര്‍മയെ ആക്ഷേപിച്ചെന്നാരോപിച്ചാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്തത്. ജൂണ്‍ 17ന് നടന്ന സംഭവത്തിലാണ് അറസ്റ്റ്. ചിഷ്തിയേയും കൂട്ടാളിയേയും ജയ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചതായാണ് റിപ്പോര്‍ട്ട്.
അജ്മീര്‍ ദര്‍ഗയിലെ മൂന്ന് ഖാദിമുകള്‍ക്കെതിരെയാണ് കേസ്.
അജ്മീര്‍ ഷരീഫ് ദര്‍ഗയിലെ ഖാദിം സയ്യിദ് സര്‍വാര്‍ ചിഷ്തി പ്രകോപനപരമായ പരാമര്‍ശങ്ങളുയര്‍ത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ആദില്‍ ചിഷ്തി ഹിന്ദു ദൈവങ്ങള്‍ക്കെതിരെ നിന്ദ്യവുമായ പ്രസ്താവനകളും നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മുഹമ്മദ് നബിയെ അപമാനിച്ചാല്‍ ഇന്ത്യയെ ഞെട്ടിക്കുന്ന ഒരു പ്രസ്ഥാനം മുസ്‌ലിങ്ങള്‍ ആരംഭിക്കുമെന്ന് അഞ്ജുമാന്‍ കമ്മിറ്റി സെക്രട്ടറി സര്‍വാര്‍ ചിഷ്തി പറഞ്ഞിരുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഐക്യത്തോടെ ജീവിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ടൈംസ് നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ രംഗത്തെത്തിയത്.
സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.