നടിയെ ആക്രമിച്ച കേസില്‍ കാവ്യക്കെതിരെ തെളിവില്ല, മഞ്ജുവും കാവ്യയും സാക്ഷികള്‍; അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

0
217

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെയും മഞ്ജു വാര്യരെയും സാക്ഷികളാക്കി അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

കാവ്യ മാധവനെ പ്രതിയാക്കാന്‍ തെളിവില്ലാത്തതിനാല്‍ സാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം. കാവ്യ ഉള്‍പ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്റെ കൈയ്യിലുണ്ടെങ്കിലും അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. ഇതോടെ കേസില്‍ 9 പ്രതികളാകും. അഭിഭാഷകര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നെന്നായിരുന്നു ക്രൈംബ്രാഞ്ച് വാദമെങ്കിലും അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രധാന സാക്ഷിയാണ്. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരന്‍ ദാസന്‍ എന്നിവരും സാക്ഷികളാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും തന്റെ സാന്നിധ്യത്തില്‍ ദിലീപും സഹോദരനും ഉള്‍പ്പെടെ ദൃശ്യങ്ങള്‍ കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ബൈജു പൗലോസ് അങ്കമാലി മജിസ്ട്രേറ്റി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. 1500ലേറെ പേജുകളാണ് അനുബന്ധ കുറ്റപത്രത്തില്‍ ഉള്ളത്.

കഴിഞ്ഞ ദിവസം കേസിന്റെ ഭാഗമായി ബി.ജെ.പി നേതാവിന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചിരുന്നു. തൃശൂരിലെ ബി.ജെ.പി നേതാവ് അഡ്വ. ഉല്ലാസ് ബാബുവിന്റെ ശബ്ദസാമ്പിളാണ് ശേഖരിച്ചത്.നടന്‍ ദിലീപിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഉല്ലാസ് ബാബുവിന്റേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം കണ്ടെത്തിയത്. ഡിലീറ്റ് ചെയ്ത സന്ദേശം ക്രൈംബ്രാഞ്ച് വീണ്ടെടുക്കുകയായിരുന്നു. ഉല്ലാസ് ദിലീപിന് അയച്ച സന്ദേശമാണെന്നാണ് നിഗമനം.

തൃശൂര്‍ വാലപ്പാട് സ്വദേശിയായ ദിനേശന്‍ സ്വാമിയുടെയും ദിലീപിന്റേയും സുഹൃത്താണ് ഉല്ലാസ് ബാബു. ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ തന്നോട് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് സായ് ശങ്കര്‍ പറഞ്ഞിരുന്നു. സായ് ശങ്കര്‍ നശിപ്പിച്ച ഓഡിയോ ഫയലുകള്‍ അന്വേഷണ സംഘം റിട്രീവ് ചെയ്തിരുന്നു.

ഇതിനിടെ ദിലീപിന്റെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ദിലീപിനെ അനുകൂലിച്ച് പുറത്തുവിട്ട വീഡിയോ വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു യൂട്യൂബ് ചാനലിലൂടെ ആര്‍. ശ്രീലേഖ നടത്തിയത്. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here