ത്വലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

0
227

ന്യൂദല്‍ഹി: ഇസ്‌ലാമിലെ വിവാഹ മോചന രീതിയായ ത്വലാഖ്(ത്വലാഖ് ഹസന്‍) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി അടിയന്തരമായി കേള്‍ക്കുമെന്ന് സുപ്രീം കോടതി.

അഡ്വ. അശ്വനി കുമാര്‍ ദുബെ മുഖേന മാധ്യമപ്രവര്‍ത്തകയായ ബേനസീര്‍ ഹിന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി നാല് ദിവസത്തിനകം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു. അഡ്വ. പിങ്കി ആനന്ദാണ് ബേനസീര്‍ ഹിനയുടെ ഹരജി തിങ്കളാഴ്ച ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പടെത്തിയത്.

ഓരോ മാസത്തെ ഇടവേള വെച്ച് മൂന്ന് തവണകളായി ചൊല്ലുന്ന വിവാഹമോചനമാണ് ത്വലാഖെ ഹസന്‍. ഓരോ മാസത്തെ ഇടവേളയില്‍ മൂന്ന് പ്രാവശ്യമായി ത്വലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാല്‍ നിരോധിക്കണമെന്നുമാണ് ഹരജിക്കാരിയുടെ ആവശ്യം.

ആദ്യ ത്വലാഖ് ഏപ്രില്‍19ന് സ്പീഡ് പോസ്റ്റായി അയച്ച ഭര്‍ത്താവ് തുടര്‍ന്ന് അടുത്ത രണ്ട് മാസങ്ങളിലായി രണ്ട് ത്വലാഖും അയച്ചു എന്നാണ് ഹരജിക്കാരി പരാതി ഉന്നയിക്കുന്നത്. നേരത്തെ ഒറ്റയിരിപ്പില്‍ മൂന്ന് മൊഴിയും ഒരുമിച്ചുചൊല്ലുന്ന മുത്വലാഖ് നിരോധിച്ചിരുന്നു.

അതേസമയം, മുത്വലാഖ് ഭരണഘടനാ വിരുദ്ധമാക്കിക്കൊണ്ടുള്ള 2017 ലെ സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മുത്വലാഖ് നിരോധന ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ രാജ്യസഭയിലും ലോക്‌സഭയിലും പാസാക്കിയ ശേഷം ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here