‘കോണ്‍ഗ്രസ് ഭരണമെങ്കിൽ കല്ലെങ്കിലും എറിയാമായിരുന്നു’; ബിജെപി എംപിയുടെ ഓഡിയോ വൈറൽ

0
275

ബെംഗളൂരു ∙ കോൺഗ്രസിന്റെ ഭരണകാലമായിരുന്നെങ്കിൽ യുവമോർച്ച േനതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലെങ്കിലും എറിയാമായിരുന്നുവെന്ന് ബിജെപി നേതാവ്. ബെംഗളൂരു സൗത്ത് എംപി കൂടിയായ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യയുടെ ഈ പരാമർശം ഉൾപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്തായത് ബിജെപിക്ക് നാണക്കേടായി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു (32) വെട്ടേറ്റു മരിച്ചതിനു പിന്നാലെ രാജിവച്ച ചിക്മംഗളൂരു യുവമോർച്ച പ്രസിഡന്റ് സന്ദീപ് കുമാറുമായി സംസാരിക്കുമ്പോഴാണ് തേജസ്വി സൂര്യ ഈ പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ട്.

യുവമോർച്ച നേതാവു കൊല്ലപ്പെട്ടതിനു പിന്നാലെ കർണാടകയിൽ ഉടലെടുത്ത പ്രതിഷേധത്തിന്റെ ഭാഗമായി, ഒട്ടേറെ യുവമോർച്ച ഭാരവാഹികൾ സംഘടനയിൽനിന്ന് രാജിവച്ചിരുന്നു. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനും തക്ക ശിക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതിനായിരുന്നു രാജി. ഇതിന്റെ ഭാഗമായാണ് ചിക്മംഗളൂരു യുവ മോർച്ച പ്രസിഡന്റ് സന്ദീപ് കുമാറും രാജിവച്ചത്.

രാജിയിൽനിന്ന് സന്ദീപിനെ പിൻതിരിപ്പിക്കുന്നതിനാണ് തേജസ്വി സൂര്യ വിളിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനിടെ പാർട്ടി പ്രവർത്തകർക്ക് സുരക്ഷയില്ലെന്ന് സന്ദീപ് പരാതിപ്പെട്ടപ്പോഴാണ് തേജ്വസി ഈ പരാമർശം നടത്തിയത്.

‘‘നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. നിങ്ങളുടെയൊക്കെ പത്തിരട്ടി ദേഷ്യം എനിക്കുണ്ട്. കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ കല്ലെങ്കിലും എറിയാമായിരുന്നു. ഇവിടെ നമ്മുടെ സർക്കാരാണ് അധികാരത്തിൽ. നമ്മുടെ പാർട്ടിക്കാരനെന്ന നിലയിൽ മുഖ്യമന്ത്രിയോട് സംസാരിച്ചു വേണം നടപടിയെടുക്കാൻ. ഈ പ്രശ്നം വഷളാകാൻ അനുവദിച്ചുകൂടാ. എല്ലാം പാർട്ടിക്കുള്ളിൽത്തന്നെ ഒതുക്കണം’ – തേജസ്വി സൂര്യ പറയുന്നു.

∙ ‘ഓരോരുത്തർക്കും സുരക്ഷ നൽകാൻ പറ്റുമോ?’

നേരത്തെ, ഓരോ വ്യക്തിയ്ക്കുമായി സുരക്ഷ നൽകാനാകില്ലെന്ന തരത്തിൽ പ്രവീണിന്റെ കൊലപാതകത്തിനു പിന്നാലെ തേജസ്വി നടത്തിയ പ്രസ്താവനയും കർണാടകയിൽ രാഷ്ട്രീയവിവാദം സൃഷ്ടിച്ചിരുന്നു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴായിരുന്നു തേജസ്വിയുടെ വിവാദ പരാമർശം. ഇതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സും ജനതാദളും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

‘‘ഓരോ പൗരനും ഗൺമാൻ വേണമെന്നല്ല പറയുന്നത്. മികച്ച ഭരണവും കൃത്യമായ ക്രമസമാധാന പാലനവും മാറ്റമാണ് ഞങ്ങളുടെ ആവശ്യം’ – ജനതാദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി വ്യക്തമാക്കി.

ഈ പ്രസ്താവന എംപിയുടെ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് യു.ടി.ഖാദർ പ്രതികരിച്ചു. ‘‘സമൂഹത്തിലുള്ള ഒരേയൊരു ശതമാനം ദേശവിരുദ്ധ ശക്തികളെ ഉൻമൂലനം ചെയ്താൽ ബാക്കി 99 ശതമാനം പേർക്ക് സമാധാനത്തോടെ ജീവിക്കാം. അതിനു പകരം എല്ലാവർക്കും സുരക്ഷ കൊടുക്കാൻ പറ്റുമോയെന്ന് ഒരു ഭരണകക്ഷി എംപി പരസ്യമായി ചോദിക്കുന്നത് നിങ്ങളുടെ കഴിവുകേടിന്റെയും നിസഹായതയുടെയും തെളിവാണ്’ – ഖാദർ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here