കളിചിരി മായ്ച്ച് കൂറ്റൻ തിര, കുട്ടികള്‍ കടലില്‍; സലാലയിൽ സംഭവിച്ചത്– ഞെട്ടിക്കും വിഡിയോ

0
350

സലാല ∙ ഒമാനിലെ സലാലയിൽ അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയ കൂറ്റൻ തിരയിൽപ്പെട്ട് ഇന്ത്യൻ കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഒലിച്ചുപോകുന്ന ദാരുണമായ ദൃശ്യം പുറത്ത്. കടൽത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യൻ കുടുംബത്തിലെ അംഗങ്ങളാണ് അപ്രതീക്ഷിതമായെത്തിയ കൂറ്റൻ തിരയിൽ അകപ്പെട്ടത്. ബീച്ചിൽ കളിചിരികളുമായി നിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ കൂറ്റൻ തിര ഒഴുക്കിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണിത്.

അപകടത്തിൽ കടലിൽ വീണു കാണാതായ ഇന്ത്യക്കാരിൽ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. കടലിൽ കാണാതായി പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയവർ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 42 വയസ്സുകാരനായ ശശികാന്ത് മാമനെ, ഇയാളുടെ ആറു വയസ്സുകാരനായ മകൻ ശ്രേയസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശശികാന്തിന്റെ മകൾ ശ്രേയയെ (9) ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുബായിൽ താമസിക്കുന്ന ശശികാന്തും കുടുംബവും അവധി ആഘോഷിക്കാനാണ് ഇവിടെയെത്തിയതെന്നാണ് റിപ്പോർട്ട്.

മൂന്നു കുട്ടികളടക്കം എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്സെയിൽ ബീച്ചിൽ തിരമാലയിൽപ്പെട്ടു കടലിൽ വീണത്. മൂന്നു പേരെ ഉടൻ രക്ഷപ്പെടുത്തി. സുരക്ഷാ ബാരിക്കേഡുകൾ മറികടന്നു ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. ഉയർന്നു പൊങ്ങിയ തിരമാലയിൽ അകപ്പെടുകയായിരുന്നു ഇവർ. ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.

 

കൂറ്റൻ തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകി നീങ്ങിയ ഒരു പെൺകുട്ടിയെ സമീപത്തു നിന്ന ഒരാൾ വലിച്ചു കരയ്ക്കു കയറ്റുന്നത് വിഡിയോയിൽ കാണാം. എന്നാൽ, തിര കടലിലേക്ക് വലിയുന്നതിനിടെ രണ്ടു കുട്ടികളേക്കൂടി ഒഴുക്കിക്കൊണ്ടു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരെ രക്ഷിക്കാൻ ഒരാൾ പിന്നാലെ ഓടുന്നതും കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here