എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല,തെളിവായി പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും

0
274

തിരുവനന്തപുരം : രാഹുൽഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്. ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ട പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോർട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവർത്തകർ കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എം പി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. പൊലീസിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകർ ആരോപണ മുനയിലായി

എം പി ഓഫിസ് ആക്രമണ ദൃശ്യങ്ങൾ പകർത്താൻ അവിടെ ഉണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ് പ്രധാന തെളിവായിരിക്കുന്നത്. സമരത്തിന് ശേഷം 25 എസ് എഫ് ആ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരൽ തന്നെ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫർ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫിസിനുള്ളിൽ കോൺഗ്രസ് , യു ഡി എഫ് പ്രവർത്തകർ മാത്രമാണുള്ളത്. ഈ സമയത്ത് പകർത്തിയ ഫോട്ടോയിൽ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു.

എംപിയുടെ ഓഫിസ് ആക്രമണം നടന്ന ശേഷം കോൺഗ്രസ് നേതാക്കൾ ഓഫിസിന് അകത്ത് എത്തുമ്പോഴാണ് ഗാന്ധി ചിത്രവും എസ് എഫ് ഐക്കാർ തകർത്തെന്ന ആരോപണം ഉന്നയിക്കുന്നത്. നിലത്ത് കടന്ന ഗാന്ധി ചിത്രം ചൂണ്ടിക്കാട്ടി ആയിരുന്നു ആരോപണം. ഓഫിസ് ആക്രമണത്തിനൊപ്പം ഈ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബി ജെ പിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത സി പി എം , എസ് എഫ് ഐക്കാരെക്കൊണ്ട് രാഹുൽഗാന്ധി എം പിയുടെ ഓഫിസ് ആക്രമിക്കുകയാണെന്നും അതിന്‍റെ തെളിവാണ് ഗാന്ധി ചിത്രം പോലും തകർത്തതെന്നും ആയിരുന്നു കോൺഗ്രസിന്‍റെ പ്രധാന ആരോപണം

അതേസമയം ഗാന്ധി ചിത്രം നശിപ്പിച്ചത് എസ് എഫ് ഐ പ്രവർത്തരല്ലെന്ന് ചില മാധ്യമ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി സി പി എം ആദ്യം മുതൽ പ്രതിരോധം ശക്തമാക്കിയിരുന്നു. മുതിർന്ന സി പി എം നേതാക്കളടക്കം ഇക്കാര്യം പലവട്ടം ആവർത്തിക്കുന്നുമുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here