അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

0
300

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനില്‍നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടി. വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയില്‍നിന്ന് വിശദീകരണം തേടിയത്.

അതേസമയം, ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നാണ് മന്ത്രി നല്‍കിയ മറുപടിയെന്നാണ് വിവരം. പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രി സജി ചെറിയാന്‍ വൈകാതെ മാധ്യമങ്ങളെ കാണും.

ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നതാണ് ഇന്ത്യയിലെ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ബ്രിട്ടീഷുകാരന്‍ പറഞ്ഞതാണ് ഇന്ത്യാക്കാര്‍ എഴുതിവെച്ചതെന്നും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മല്ലപ്പള്ളിയില്‍ ‘പ്രതിവാര രാഷ്ട്രീയ നിരീക്ഷണം’ എന്ന പരിപാടിയിലായിരുന്നു മന്ത്രി ഭരണഘടനയ്‌ക്കെതിരേ സംസാരിച്ചത്. മാതൃഭൂമി ഡോട്ട്‌കോം പ്രസംഗം വാര്‍ത്തയാക്കിയതോടെ സംഭവം വിവാദമാവുകയും പ്രതിപക്ഷ കക്ഷികളും നിയമവിദഗ്ധരും അടക്കം മന്ത്രിക്കെതിരേ രംഗത്തുവരികയും ചെയ്തു.

മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ ഗവര്‍ണറും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here