ആലപ്പുഴ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുകയും. പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ നൂറനാട് പൊലീസ് സ്റ്റേഷനിലെ എഫ്ഐആറിൽ സാക്ഷാൽ മുഖ്യമന്ത്രിയെ തന്നെ പൊലീസുകാർ ‘പ്രതിയാക്കി’.
വാക്യഘടനയിൽ വന്ന പിശകാണ് അമളിക്ക് കാരണം. എഫ്ഐആറിന്റെ ഉള്ളടക്കം പരാമർശിക്കുന്ന ഭാഗത്ത് ‘സ്വർണക്കടത്തു കേസ് പ്രതി ബഹു.മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി’ എന്നു പറയുന്നുണ്ട്. ആദ്യ വായനയിൽ സ്വർണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയാണെന്നേ തോന്നുകയുള്ളൂ. സ്വർണക്കടത്ത് കേസ് പ്രതി കഴിഞ്ഞ് ഒരു കോമ ഇടുകയോ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വർണക്കടത്ത് കേസ് പ്രതിയെന്ന് എഴുതുകയോ ചെയ്തിരുന്നെങ്കിൽ ഈ പിശക് ഒഴിവാക്കാമായിരുന്നു.
പിഴവു സംഭവിച്ചിട്ടില്ലെന്നും ഒരു കോമയുടെ പ്രശ്നം മാത്രമേ ഉള്ളൂ എന്നും എഫ്ഐആർ വായിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും സ്റ്റേഷൻ അധികൃതർ പ്രതികരിച്ചു.