ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധത്തില്‍ വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിന് നടത്തിയ പ്രതികരണവും വിവാദത്തില്‍. പ്രവാചകന് മുഹമ്മദ് നബി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തന്റെ പേരില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ട് ഞെട്ടിപ്പോയേനെ എന്നു കുറിച്ച അവരുടെ പ്രതികരണത്തില്‍ ‘ഇനി പ്രവാചകന് മുഹമ്മദ് നബി ജീവിച്ചിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മുസ്ലിം വര്‍ഗീയവാദികളുടെ ഭ്രാന്ത് കണ്ട് ഞെട്ടിപ്പോയെനെ എന്ന ട്വീറ്റിലെ പരാമര്‍ശമാണ് വിവാദമായത്.
അതേ സമയം ട്വീറ്റിനെ അനുകൂലിച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മ്മ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശം വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. നിരവധി മുസ്ലിം, അറബ് രാജ്യങ്ങള്‍ പ്രവാചക നിന്ദ ആരോപിച്ച് രംഗത്ത് വന്നിരുന്നു. ബംഗ്ലാദേശിലും വലിയ പ്രതിഷേധമാണ് നടക്കുന്നത്. വെള്ളിയാഴ്ച തലസ്ഥാന നഗരമായ ധാക്കയില്‍ നുപുര്‍ ശര്‍മ്മയ്ക്കെതിരെ പ്രതിഷേധ റാലി നടന്നു.
ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ജ്ഞാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നുപുര്‍ ശര്‍മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം.