പ്രവാചക നിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധം; കാണ്‍പൂരിലും ബുള്‍ഡോസര്‍ ഇടിച്ചുനിരത്തല്‍

0
281

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം നടന്നതിന് പിന്നാലെ നഗരത്തിലെ തെരുവുകളിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു.

പ്രതിഷേധത്തില്‍ പങ്കെടുത്ത സഫര്‍ ഹയാത്ത് ഹാഷ്മി എന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി.

അനധികൃത നിര്‍മാണം എന്ന് ആരോപിച്ചാണ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തത്.  കാണ്‍പൂരിനെ കൂടാതെ പ്രതിഷേധം നടന്ന പ്രയാഗ് രാജിലും ബുള്‍ഡോസറുകളുമായി അധികൃതര്‍ എത്തിയിട്ടുണ്ട്.

ഇന്നലെ നഗരത്തിലെ അടല്‍ ചൗക്കില്‍ നടന്ന അക്രമത്തില്‍ ചില പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. കാണ്‍പൂരില്‍ ജൂണ്‍ 3ന് നടന്ന പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരന്‍ സഫര്‍ ഹയാത്ത് ഹാഷ്മിയാണെന്നാണ് പൊലീസിന്റെ ആരോപണം.

സഫര്‍ ഹയാത്ത് ഹാഷ്മി വാട്‌സ്ആപ്പിലൂടെ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായും പൊലീസ് പറയുന്നു. ഇയാള്‍ നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

അതേസമയം ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചക പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു.

റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്‌ലിങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ റാഞ്ചിയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 12 പൊലീസുകാര്‍ക്കും പരിക്കേറ്റു.

സീനിയര്‍ പൊലീസ് സൂപ്രണ്ട് സുരേന്ദ്രകുമാര്‍ ഝായ്ക്ക് ഗുരുതരമായി പരിക്കേറ്റു. റാഞ്ചി മെയിന്‍ റോഡിലും ഡെയ് ലി മാര്‍ക്കറ്റ് ഏരിയയിലും ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ദല്‍ഹി, കൊല്‍ക്കത്ത, പ്രയാഗ് രാജ് എന്നിവടങ്ങളിലെല്ലാം പരാമര്‍ശത്തെച്ചൊല്ലി വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.

ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തി വീശിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here