പെട്രോളിന് 233.89 രൂപ, ഡീസലിന് 263.31; ഇന്ത്യയെ ‘കടത്തിവെട്ടി’ പാക്ക് കുതിപ്പ്!

0
217

ഇസ്‍ലാമാബാദ് ∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിൽ ഇന്ധനത്തിനു പൊള്ളുന്ന വില. ഒറ്റ ദിവസം 24 രൂപ വർധിച്ചതോടെ ഒരു ലീറ്റർ പെട്രോളിന്റെ വില 233.89 രൂപയായി! 16.31 രൂപ കൂടിയതോടെ ഡീസൽ വിലയും റെക്കോർഡ് ഉയരത്തിലാണ്– 263.31 രൂപ. 20 ദിവസമായി ഇന്ധനമുൾപ്പെടെ സകലതിനും പാക്കിസ്ഥാനിൽ തീവിലയാണ്.

ജൂൺ 15 അർധരാത്രി മുതൽ പുതുക്കിയ ഇന്ധനവില പ്രാബല്യത്തിലായെന്നു പാക്ക് ധനമന്ത്രി മിഫ്താ‌ഹ് ഇസ്‌മായിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മണ്ണെണ്ണ വിലയും കൂടിയിട്ടുണ്ട്. ലീറ്ററിന് 29.49 രൂപ കൂടിയതോടെ മണ്ണെണ്ണ വില 211.43 രൂപയായി. ലൈറ്റ് ഡീസലിന് 29.16 രൂപ കൂടി ലീറ്ററിന് 207.47 രൂപയിലെത്തി. വില വർധിപ്പിക്കാതെ സർക്കാരിനു മുന്നിൽ മറ്റു വഴികളില്ലെന്നു ചോദ്യത്തിനു മറുപടിയായി ധനമന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ 20 ദിവസത്തിനിടെ 84 രൂപയാണ് പെട്രോളിനു കൂട്ടിയത്. രാജ്യാന്തര തലത്തിൽ പെട്രോൾ വില ലീറ്ററിന് 120 യുഎസ് ഡോളറാണ്. പെട്രോൾ സബ്സിഡിയായി 120 ബില്യൻ രൂപ പാക്കിസ്ഥാൻ ചെലവിടുന്നുണ്ട്. 30 വർഷമായി രാജ്യത്തെ അവസ്ഥ താൻ വീക്ഷിക്കുന്നുണ്ടെന്നും ഇതുപോലെ പണപ്പെരുപ്പം ഉണ്ടായിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here