ന്യൂഡല്‍ഹി: ബി.ജെ.പി.യില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന സൂചന നല്‍കി ബി.സി.സി.ഐ. അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി.
പുതിയ അധ്യായം തുടങ്ങുന്നുവെന്നും എല്ലാവരുടേയും പിന്തുണവേണമെന്നും ആവശ്യപ്പെട്ട് ഗാംഗുലിയുടെ ട്വിറ്റര്‍ പോസ്റ്റ് പുറത്ത് വന്നതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നത്.
”1992-ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രയ്ക്ക് 30 വര്‍ഷം തികയുകയാണ്. ക്രിക്കറ്റ് ഒരുപാട് കാര്യങ്ങള്‍ നല്‍കി. എന്റെ യാത്രയ്ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിപറയുന്നു. ഇന്ന് ഞാന്‍ പുതിയ അധ്യായം തുടങ്ങാനുള്ള പദ്ധതിക്ക് തുടുക്കമിടുകയാണ്. നിങ്ങളുടെ പിന്തുണ ഇനിയുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു”. ഗാംഗുലി ട്വീറ്റില്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദര്‍ശിക്കുകയും അദ്ദേഹവുമായി അത്താഴം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗാംഗുലി ബി.ജെ.പി.യില്‍ ചേരുമെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ അദ്ദഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇത് തള്ളുകയാണ് ചെയ്തത്.
രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി ബി.സി.സി.ഐ. അധ്യക്ഷ സ്ഥാനം അദ്ദേഹം രാജിവെക്കുമെന്ന സൂചനയും വരുന്നുണ്ട്. 2019-ല്‍ ആണ് ഗാംഗുലി ബി.സി.സി.ഐ. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.