നബി വിരുദ്ധ പരാമർശം; കടുത്ത സൈബർ ആക്രമണം നേരിട്ട് ഇന്ത്യ; സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം

0
259

ദില്ലി: ബിജെപി നേതാക്കൾ നടത്തിയ നബി വിരുദ്ധ പരാമർശം ആ​ഗോള തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയതിനിടെ ഇന്ത്യയിലെ എഴുപതിലധികം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണമെന്ന് റിപ്പോർട്ട്. ഇസ്രായേലിലെ ഇന്ത്യൻ എംബസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ചിന്റെ ഉൾപ്പെടെ സ്ഥാപനങ്ങളുടെ വെബ്സെറ്റുകൾ സൈബർ ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, പ്രമുഖ ബാങ്കിന് നേരെയുള്ള ഹാക്കിംഗ് ശ്രമം പരാജയപ്പെടുത്തിയിട്ടുമുണ്ട്. ഹാക്കർ ഗ്രൂപ്പായ ഡ്രാഗൺഫോഴ്‌സ് മലേഷ്യയാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്‍ത് നാടുകടത്തുമെന്നുള്ള വാർത്തകൾ പുറത്ത് വന്നു. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു.

കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത്  പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അല്‍ റായ് ദിനപ്പത്രത്തിലെ റിപ്പോര്‍ട്ട്. പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈത്ത് ശക്തമായ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here