ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന നേട്ടം ഇംഗ്ലണ്ട് സ്വന്തമാക്കിയ മത്സരത്തിനിടയിൽ ഇന്നലെ രസകരമായ മുഹൂർത്തങ്ങളും അരങ്ങേറി. നെതർലൻഡ്സിനെതിരേ ആംസ്റ്റെൽവീനിലെ വിആർഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ഇംഗ്ലണ്ട് താരം ഡേവിഡ് മലാനടിച്ച ഒരു പന്ത് ചെന്നുവീണത് സ്റ്റേഡിയത്തിന് പുറത്തെ കുറ്റിക്കാട്ടിൽ. കാട്ടിൽ പോയ ഈ പന്ത് തിരയുന്ന നെതർലൻഡ്‌സ് താരങ്ങളുടെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Drama in Amstelveen as the ball ends up in the trees 🔍 pic.twitter.com/MM7stEMHEJ
— Henry Moeran (@henrymoeranBBC) June 17, 2022
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. നെതർലൻഡ്‌സ് സ്പിന്നർ പീറ്റർ സീലാറിൻഫെ പന്തിൽ മലാനടിച്ച ഒരു പടുകൂറ്റൻ സിക്‌സർ നേരെ ചെന്ന് വീണത് സ്റ്റേഡിയത്തിനു പുറത്തെ കുറ്റിക്കാട്ടിൽ. ഇതോടെ പന്ത് തിരഞ്ഞ് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നെതർലൻഡ്‌സ് താരങ്ങളും കളത്തിലിറങ്ങുകയായിരുന്നു.
നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിൽ റെക്കോർഡ് ജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലായ 498 റൺസടിച്ചപ്പോൾ നെതർലൻഡ്സിൻറെ മറുപടി 49.4 ഓവറിൽ 266 റൺസിന് ഓൾ ഔട്ടായി. 2018ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ 481-6 ആണ് നെതർലൻഡ്സിനെതിരെ മറികടന്നത്. നെതർലൻഡ്സിനായി 72 റൺസടിച്ച സ്കോട്ട് എഡ്വേർഡ്സും 55 റൺസെടുത്ത മാക്സ് ഒഡോഡും മാത്രമെ പൊരുതിയുള്ളു. ഇംഗ്ലണ്ടിനായി മൊയീൻ അലി മൂന്ന് വിക്കറ്റെടുത്തു. സ്കോർ ഇംഗ്ലണ്ട് 50 ഓവറിൽ 498-4, നെതർലൻഡ്സ് 49.4 ഓവറിൽ 266ന് ഓൾ ഔട്ട്.