ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ ബൈക്ക് കുടുങ്ങിയ സംഭവം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി; മത്സരയോട്ടത്തില്‍ ഒപ്പമുണ്ടായിരുന്നവരും കുടുങ്ങും

0
254

വെള്ളയാംകുടി: മത്സരയോട്ടത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി.

വെള്ളയാംകുടിയില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്കാണ് ബൈക്ക് ഉയര്‍ന്നുപൊങ്ങി വീണത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. മത്സരയോട്ടത്തിനിടെയാണ് അപകടം എന്ന് സ്ഥിരീകരിക്കാന്‍ ഒപ്പമെത്തിയ ബൈക്കുകള്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പോലീസിന് കത്ത് നല്‍കി.

അപകടത്തില്‍ 12,160 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ഈടാക്കാന്‍ നടപടിയെടുക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കെഎസ്ഇബി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അഞ്ച് ബൈക്കുകളിലുണ്ടായിരുന്നവര്‍ മത്സരയോട്ടം നടത്തിയെന്നാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. അതിവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

വാഹനം ഓടിച്ചയാള്‍ക്ക് പരുക്കില്ല. യുവാവ് സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ഒടുവില്‍ കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി വിച്ഛേദിച്ച് സുരക്ഷാ നടപടി സ്വീകരിച്ച ശേഷം ജെസിബി കൊണ്ടുവന്ന് ബൈക്ക് പുറത്തെടുക്കുകയായിരുന്നു.

വാഹനം ഓടിച്ചയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ആര്‍ടിഒ അറിയിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു അറിയിച്ചത്. ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here