ഗവര്‍ണര്‍ ഫയലില്‍ ഒപ്പിട്ടു; കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന് മോചനം

0
208

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന് മോചനം. മണിച്ചനടക്കം 33 തടവുകാരെയാണ് ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ മോചിപ്പിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് മണിച്ചനടക്കം 33 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍വാസം 22 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണ് അദ്ദേഹം.

മണിച്ചന്റെ ജയില്‍ മോചനത്തിന് ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന പേരറിവാളന്‍ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

2000ല്‍ നടന്ന കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ 31പേര്‍ മരിക്കുകയും 5 പേരുടെ കാഴ്ചനഷ്ടപ്പെടുകയും ചെയ്തിരുന്നു. മുഖ്യപ്രതിയായ മണിച്ചനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് വിചാരണകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പത്ത് വര്‍ഷത്തോളം തടവ് അനുഭവിച്ചതായും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നുമാണ് മണിച്ചന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് മദ്യവില്പനയ്ക്കിടെ
സംഭവിച്ച അപകടമാണെന്നും ശിക്ഷയില്‍ ഇളവ് നല്‍കിയാല്‍ ഇനിയൊരിക്കലും മദ്യവ്യാപാരം നടത്തില്ലെന്നും മണിച്ചന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിനെ ഒരപകടമായി കാണാനാവില്ലെന്നും ഗുരുതരമായ കുറ്റകൃത്യമാണ് ഇവര്‍ നടത്തിയിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ വ്യാജമദ്യത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തെ കോടതി വിമര്‍ശിച്ചു. ഇത്തരം ദുരിതങ്ങളുടെ പ്രത്യാഘാതങ്ങള്‍ പാവപ്പെട്ടവരെയാണ് ബാധിക്കുന്നതെന്നും ഉന്നതര്‍ ഇതില്‍ നിന്നും രക്ഷപ്പെടുകയാണെന്നും കോടതി നീരീക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here