ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ‘ട്രൗസർ’ വിവാദം രാഷ്ട്രീയ വാക്പോരിന് വഴിവെച്ചിരിക്കുകയാണ്. ബിജെപി, കോൺഗ്രസിന് അയച്ച എല്ലാ ട്രൗസറുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരികെ അയച്ചു കൊടുക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
ആർഎസ്എസ് യൂണിഫോമായിരുന്ന കാക്കി ട്രൗസറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു ബെംഗളൂരുവിലെ കോൺഗ്രസ് ഓഫീസുകളിലേക്ക് ബിജെപി വിവിധയിടങ്ങളിൽ നിന്ന് ട്രൗസറുകൾ ശേഖരിച്ച് അയച്ചു കൊടുത്തത്.
“എൻ.എസ്.യു.ഐ അംഗങ്ങളാണ് ട്രൗസർ കത്തിച്ചത്. എന്തിനാണ് ബിജെപി ഇതിൽ അസ്വസ്ഥമാകുന്നത് എന്ന് മനസ്സിലാകുന്നില്ല. ഉപയോഗിച്ച ട്രൗസർ ശേഖരിച്ച് അവ കെപിസിസി ഓഫീസുകളിലേക്ക് അവർ അയക്കുകയാണ്. എനിക്ക് ബിജെപി പ്രവർത്തകരോട് പറയാനുള്ളത്, നിങ്ങൾക്ക് കഴിയുന്നത്ര ട്രൗസറുകൾ നിങ്ങൾ അയച്ചോളൂ, എല്ലാ ട്രൗസറുകളും നരേന്ദ്ര മോദിക്ക് കെപിസിസി അയക്കും. നിങ്ങളുടെ ട്രൗസർ നിങ്ങൾക്ക് തന്നെ ഞങ്ങൾ നൽകും”. ട്രൗസർ ക്യാമ്പയിനുമായി ബന്ധപ്പെട്ട ക്യാമ്പയിനില്‍ ബിജെപിക്ക് മറുപടി നല്‍കി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
കർണാടകയിലെ സ്കൂൾ ടെക്സ്റ്റ് ബുക്കിൽ കാവിവത്കരണവുമായി ബന്ധപ്പെട്ട പാഠഭാഗം ഉൾപ്പെടുത്തി എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് വിദ്യാർത്ഥി സംഘടന കർണാടക വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് പുറത്ത് ട്രൗസർ കത്തിച്ചിരുന്നു. ഇതായിരുന്നു ‘ട്രൗസർ’ വിവാദത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു.