‘കെ എന്‍ എ ഖാദറിന്‍റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കും’; പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

0
308

വയനാട്: ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ ലീഗ് ദേശീയ സമിതി അംഗവും മുന്‍ എംഎല്‍എയുമായ കെ എന്‍ എ ഖാദര്‍ പങ്കെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി. കെ എന്‍ എ ഖാദറിന്‍റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കും. വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ കെ എന്‍ എ ഖാദറിനോട് വിശദീകരണം തേടിയിരുന്നു. ആർഎസ്എസ് വേദികളിൽ പങ്കെടുക്കാൻ മുസ്ലിം ലീഗിന് വിലക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്‍കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് പൊന്നാട അണിയിച്ചത്. ഗുരുവായൂരില്‍ കാണിക്ക അര്‍പ്പിച്ചതിനെ തുടര്‍ന്ന് പലരും തനിക്ക് സംഘിപട്ടം ചാര്‍ത്തി തന്നു. ആഗ്രഹിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്തവര്‍ തന്നെ പോലെ നിരവധി പേരുണ്ടെന്നും ഖാദര്‍ പരിപാടിയില്‍ പറഞ്ഞു. രണ്ജി പണിക്കര്‍, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവരും പരിപാടിയില്‍  പങ്കെടുത്തിരുന്നു.

പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതോടെ സാംസ്കാരിക പരിപാടിയെന്ന നിലയിലാണ് കേസരിയിലെ ചടങ്ങില്‍ പങ്കെടുത്തതെന്നും ആര്‍എസ്എസിനെക്കുറിച്ച് മുസ്ലിം ലീഗില്‍ നിന്ന് വ്യത്യസ്തമായി ഒരു നിലപാടും തനിക്കില്ലെന്നും കെഎന്‍എ ഖാദര്‍ വിശദീകരിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ജില്ലകള്‍ തോറും വിവിധ മതവിഭാഗങ്ങളുമായി സുഹൃദ് സംഗമങ്ങള്‍ നടത്തുമ്പോള്‍ തന്‍റെ നടപടിയില്‍ അനൗചിത്യം കാണുന്നത് തെറ്റെന്നും ഖാദര്‍ പറഞ്ഞു.

എന്നാല്‍ ഖാദറിന്‍റെ നടപടി പാര്‍ട്ടി നയത്തിന്‍റെ ലംഘനമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ പൊതു വിലയിരുത്തല്‍. ഈ വിഷയത്തില്‍ ഖാദര്‍ നടത്തിയ വിശദീകരണങ്ങളൊന്നും ലീഗ് നേതൃത്വം വിശ്വാസത്തിലെടുക്കുന്നില്ല. പാര്‍ട്ടിയുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ചടങ്ങില്‍ ഖാദര്‍ പങ്കെടുത്തതെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം എം കെ മുനീര്‍ പറഞ്ഞു. പാര്‍ട്ടിയുടെ സമുന്നത നേതാക്കളെല്ലാം സ്വീകരിച്ചുവന്ന നിലപാടിന് വിരുദ്ധമാണ് ഖാദറിന്‍റെ നടപടിയെന്നാണ് വിശദീകരണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച ഖാദറിന്‍റെ നടപടി നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടി വേദികളില്‍ ഖാദര്‍ പഴയ പോലെ സജീവമല്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here