കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷഫീക് വഴിമുക്ക്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ ഹബീബ് എഡ്യുക്കേര്‍ എന്ന പദ്ധതിയുടെ പേരില്‍ നവാസ് തട്ടിപ്പും ചൂഷണവും നടത്തിയെന്നാണ് ആരോപണം. രണ്ട് കോടിയുടെ വിദ്യാഭ്യാസ പദ്ധതിയില്‍ ആറായിരം വിദ്യാര്‍ത്ഥികള്‍, നൂറ് പരീക്ഷാ കേന്ദ്രങ്ങള്‍, സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം എന്നിവയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ 62 കേന്ദ്രങ്ങളും 2500 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് മുൻപും ശേഷവും സംസ്ഥാന കമ്മിറ്റി പുറത്ത് വിട്ട വിദ്യാര്‍ത്ഥികളുടെയും സെന്‍ററുകളുടെയും കാര്യത്തിൽ പോലും വലിയ ഏറ്റകുറച്ചിലുകളുണ്ടെന്നാണ് ആരോപണം.
ഈ പദ്ധതിയുടെ പൂർണ്ണമായ രൂപം വിശദീകരിക്കുന്ന ഒരു ചർച്ചയും സംസ്ഥാന കമ്മിറ്റിയിലോ ഭാരവാഹി യോഗങ്ങളിലോ ഉണ്ടായിട്ടില്ല. എങ്ങനെയാണ് 2 കോടിയുടെ വിദ്യാഭ്യാസ പദ്ധതി എന്നത് പൂർണ്ണമായി വിശദമാക്കുന്ന ഒരു സര്‍ക്കുലറോ റിപ്പോര്‍ട്ടോ സംഘടനയുടെ ഒരു ഘടകങ്ങളും നൽകിയിട്ടില്ല. സംസ്ഥാന ഭാരവാഹികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ 2 കോടിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ പോലും ഒരു മറുപടിയും പ്രസിഡന്‍റ് നല്‍കിയില്ലെന്നും ഷഫീക് വഴിമുക്ക് ആരോപിച്ചു. പരീക്ഷയില്‍ രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ നല്‍കി. വിദ്യാര്‍ത്ഥികളുടെ ഡാറ്റകൾ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് തുകവാങ്ങി മറിച്ചുവിറ്റതായും വൈസ് പ്രസിഡന്‍റ് ആരോപിച്ചു.