ഇസ്തിരിപ്പെട്ടിക്ക് ഇത്രയും ഭാരമോ! അഴിച്ചുനോക്കിയപ്പോള്‍ സ്വര്‍ണം; കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

0
260

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസിന്റെ സ്വര്‍ണവേട്ട. ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 1749.8 ഗ്രാം സ്വര്‍ണമാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദി(39)ല്‍ നിന്ന് പോലീസ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച പുലര്‍ച്ചെ അബുദാബിയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് മുസാഫിര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്യുകയായിരുന്നു.

ലഗേജില്‍ ഇലക്ട്രോണിക്ക് സാധനങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഒരു ഇസ്തിരിപ്പെട്ടിയുണ്ടെന്നും അബുദാബിയില്‍ ഒപ്പം താമസിക്കുന്നയാളുടെ സുഹൃത്തായ കോഴിക്കോട് സ്വദേശി ഷഫീഖ് കൊടുത്തുവിട്ടതാണെന്നും ഇയാള്‍ മൊഴി നല്‍കി. ഷഫീഖിന്റെ ബന്ധു തന്റെ വീട്ടിലെത്തി ഇസ്തിരിപ്പെട്ടി വാങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ സംശയം തോന്നിയ പോലീസ് സംഘം ഇസ്തിരിപ്പെട്ടി പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു.

ഇസ്തിരിപ്പെട്ടിക്ക് അസാധാരണമായ ഭാരമുണ്ടായിരുന്നത് കൂടുതല്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് ഓരോ ഭാഗങ്ങളായി ഇസ്തിരിപ്പെട്ടി അഴിച്ചുമാറ്റുകയും ഹീറ്റിങ് കോയില്‍ ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് തുറന്നുനോക്കുകയും ചെയ്തു. ഇതോടെയാണ് ഇസ്തിരിപ്പെട്ടിയിലെ ഹീറ്റിങ് കോയിലിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here