ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് കെ.എന്‍.എ ഖാദര്‍; ലീഗ് നേതൃയോഗം ഉടന്‍ ചേരും

0
205

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് കെ എൻ എ ഖാദർ. മുസ്ലീം ലീഗ് നേതൃത്വത്തിന് കെ എൻ എ ഖാദർ വിശദീകരണം നൽകി. കെ എൻ എ ഖാദറിനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് വിവരം. ഉടൻ ചേരുന്ന ലീഗ് നേതൃയോഗത്തിൽ തീരുമാനം ഉണ്ടാകും.

കോഴിക്കോട് കേസരിയില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലും പങ്കെടുക്കുകയും ആര്‍എസ്എസ് നേതാക്കളില്‍ നിന്ന് ആദരം ഏറ്റുവാങ്ങുകയും ചെയ്ത കെഎന്‍എ ഖാദറിന്‍റെ നടപടി പാര്‍ട്ടി നയത്തിന്‍റെ കടുത്ത ലംഘനമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ വികാരം. മതസൗഹാര്‍ദ്ദ പരിപാടികളിലും സാംസ്കാരിക സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിന് പാര്‍ട്ടി എതിരല്ല. എന്നാല്‍ ആര്‍എസ് എസ് നേതൃത്വം നല്‍കുന്ന സ്ഥാപനത്തില്‍ അതിഥിയായെത്തുകയും ആദരമേറ്റുവാങ്ങുകയും ചെയ്ത നടപടി ലീഗിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് ഖാദറിനോട് നേതൃത്വം വിശദീകരണം തേടിയത്.

വയനാട്ടില്‍ പാര്‍ട്ടി പ്രവര്‍ക്കരെ അഭിസംബോധന ചെയ്യുന്നതിനിടെ കെഎന്‍എ ഖാദര്‍ വിഷയത്തില്‍ സാദിഖ് അലി തങ്ങള്‍ അതൃപ്തി പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലീഗുകാര്‍ അച്ചടക്കമുളളവരാണ്. ആരെങ്കിലും ക്ഷണിച്ചാല്‍ അവിടേക്ക് പോകാന്‍ പറ്റുന്നതാണോ എന്ന് ചിന്തിക്കണമെന്നായിരുന്നു സാദിഖ് അലി തങ്ങളുടെ വാക്കുകള്‍. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളെല്ലാം സ്വീകരിച്ചുവന്ന നിലപാടിനെ അട്ടിമറിക്കുന്നതായി ഖാദറിന്‍റെ നിലപാടെന്നായിരുന്നു മുനീറിന്‍റെ പ്രതികരണം. എന്നാല്‍ താന്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഖാദറിന്‍റെ ആദ്യ നിലപാട്. പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ജില്ലകള്‍ തോറും വിവിധ മത നേതാക്കളുമായി സുഹൃദ് സംഗമങ്ങള്‍ നടത്തുമ്പോള്‍ തന്‍റെ നടപടിയില്‍ അനൗചിത്യം കാണുന്നത് ശരിയല്ലെന്നും ഖാദർ പറഞ്ഞിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച കെഎന്‍എ ഖാദറിന്‍റെ നടപടി നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടി വേദികളില്‍ ഖാദര്‍ പഴയ പോലെ സജീവമല്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here