4500 കിലോ പടക്കങ്ങളുമായി വന്ന ട്രക്കിന് നടുറോഡിൽ വെച്ച് തീപിടിച്ചു; പിന്നീട് സംഭവിച്ചത്… (വീഡിയോ)

0
283

ന്യൂജഴ്സിയിലെ ഒരു അന്തർസംസ്ഥാന ഹൈവേയിലാണ് വ്യത്യസ്തമായൊരു വെടിക്കെട്ട് പൂരം നടന്നത്. പടക്കങ്ങളുമായി പോവുകയായിരുന്ന ഒരു വലിയ ട്രക്കിന് തീപിടിക്കുകയായിരുന്നു. ലാത്തിരിയും പൂത്തിരിയും കമ്പിത്തിരിയും എന്നുവേണ്ട ട്രക്കിലുള്ള സകല വറൈറ്റി പടക്കങ്ങളും ഒരുമിച്ച് ചറപറാ ​പൊട്ടാൻ തുടങ്ങി. ഹൈവേയിലെ സഹവണ്ടിക്കാർക്ക് യാതൊരു ചിലവും ശാരീരിക അധ്വാനവുമില്ലാതെ വണ്ടിയിലിരുന്ന് വെടിക്കെട്ട് ആസ്വദിക്കാനായി.

ഏകദേശം 10,000 പൗണ്ട് (4,500 കിലോഗ്രാമിൽ കൂടുതൽ) പടക്കങ്ങൾ നിറച്ച ഒരു ട്രാക്ടർ ട്രെയിലറാണ് അഗ്നിക്കിരയായത്. ജൂൺ 26 ഞായറാഴ്ച സോമർസെറ്റ് കൗണ്ടിയിലെ I-287 സൗത്തിലാണ് ഉജ്ജ്വലമായ വെടിക്കെട്ട് പ്രദർശനമുണ്ടായത്. രാത്രി 10:30നായിരുന്നു സംഭവം. ട്രക്കിലുണ്ടായിരുന്ന ഒരു ഡോളിയുടെ ടയർ കത്തുന്നത് ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയിൽ ​പെടുകയായിരുന്നു. തീ വ്യാപിച്ച് പടക്കങ്ങൾ പൊട്ടാൻ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം വണ്ടി നിർത്തി ദൂരെ മാറി നിൽക്കുകയും ചെയ്തു.

ട്രക്കിന് പിറകിൽ വന്ന വണ്ടികളിലുള്ളവർ പടക്കങ്ങൾ പൊട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലായി. എന്നാൽ, വെടിക്കെട്ട് കാരണമുണ്ടായ ട്രാഫിക് ജാം പുലർച്ചെ അഞ്ച് മണിവരെ നീണ്ടു. തീപിടുത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആർക്കും പരി​ക്കേറ്റിട്ടില്ലെന്നും ന്യൂജഴ്സി പൊലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here