20 വർഷമായി നികുതി അടച്ചുകൊണ്ടിരിക്കുന്ന വീടാണ് നിയമവിരുദ്ധം എന്ന് പറഞ്ഞുപൊളിച്ചത് – അഫ്രീൻ ഫാത്തിമ

0
393

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിനിടയിൽ പ്രയാഗ്‌രാജിൽ നടന്ന അക്രമസംഭവങ്ങളുടെ സൂത്രധാരനെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വെൽഫെയർ പാർട്ടി അഖിലേന്ത്യാ നേതാവ് ജാവേദ് മുഹമ്മദിനെയും ഭാര്യയെയും മകളെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇവരുടെ വീട് അനധികൃതമാണെന്ന് ആരോപിച്ച് പൊളിച്ചുകളയുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽജസീറയോട് പ്രതികരിക്കുകയാണ് വിദ്യാർത്ഥി നേതാവും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയും ജാവേദ് മുഹമ്മദിന്റെ മകളുമായ അഫ്രീൻ ഫാത്തിമ.

താങ്കളോ താങ്കളുടെ പിതാവോ കുടുംബമോ ഈ പ്രക്ഷോഭത്തിലുണ്ടായിരുന്നോ?

വെള്ളിയാഴ്ച ഞങ്ങളൊന്നും പ്രതിഷേധിച്ചിരുന്നില്ല. ഞങ്ങളാരും അലഹബാദിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല. ഞങ്ങളാരും വീട്ടിലുണ്ടായിരുന്നുമില്ല. കാരണം, അത് വെള്ളിയാഴ്ചയായിരുന്നു. നമസ്‌കരിക്കാന്‍ പോയതായിരുന്നു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

നിങ്ങളുടെ വീട് നിയമവിരുദ്ധമായി നിർമിച്ചതായി എന്നെങ്കിലും പരാതി ഉയർന്നിരുന്നോ?

ഒരിക്കലുമില്ല. 20 വർഷത്തോളമായി വീടിന് ഞങ്ങൾ നികുതി അടച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, ഞങ്ങളുടെ വീട് നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് കാണിച്ച് അലഹബാദ് ഡെവലപ്‌മെന്റ് അതോറിറ്റിയിൽനിന്ന് ഇതുവരെ ഒരു ഭീഷണിയുമുണ്ടായിട്ടില്ല. അനധികൃതമാണെങ്കിൽ എന്തിനായിരുന്നു അവർ ഞങ്ങളിൽനിന്ന് നികുതി സ്വീകരിച്ചുകൊണ്ടിരുന്നത്?

വ്യക്തമാണ്, നിങ്ങൾ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വേട്ടയാടൽ ആദ്യമായി വീട്ടിന്റെ വാതിൽപ്പടിക്കലെത്തിയത് എന്നുമുതലാണെന്ന് ഓർക്കാനാകുന്നുണ്ടോ?

ജൂൺ 10ന് വെള്ളിയാഴ്ച രാത്രി 8.50ന് പൊലീസ് വന്ന് പിതാവിനോട് സ്റ്റേഷൻ വരെ വരാൻ ആവശ്യപ്പെട്ടു. സംസാരിക്കാനെന്നു പറഞ്ഞായിരുന്നു ഇത്. അറസ്റ്റാണെന്ന് അവർ ഞങ്ങളോട് പറഞ്ഞിരുന്നില്ല. അറസ്റ്റ് വറന്റ് നൽകുകയും ചെയ്തിട്ടില്ല.

അവർക്കൊപ്പം പൊലീസ് സ്റ്റേഷൻ വരെ വരാൻ പറഞ്ഞു. പിതാവ് സ്വന്തം വാഹനമെടുത്ത് സ്റ്റേഷനിൽ പോകുകയും ചെയ്തു. അലഹബാദിൽ പ്രതിഷേധങ്ങൾക്കു പിന്നാലെ സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കാൻ വിളിച്ചതാകുമെന്നാണ് അദ്ദേഹം കരുതിയത്. പിന്നീട് അദ്ദേഹത്തെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് പറഞ്ഞില്ല. എന്തിനാണ് കൊണ്ടുപോകുന്നതെന്നും പറഞ്ഞില്ല.

പിന്നീട് അടുത്ത ദിവസം രാത്രി 12 മണിക്കാണ് എന്റെ മാതാവും സഹോദരിയും അറസ്റ്റിലാകുന്നത്. പെട്ടെന്ന് വീട്ടിലേക്ക് ഇരച്ചെത്തി അവർക്കൊപ്പം ചെല്ലാന്‍ പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ഉമ്മ അറസ്റ്റ് ചെയ്യപ്പെട്ട കാര്യം പോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ വീട്ടിന്റെ ഗേറ്റിലെത്തിയപ്പോഴേക്കും അവർ അവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയിരുന്നു.

താങ്കളുടെ പിതാവിനോ കുടുംബത്തിലെ ഏതെങ്കിലും അംഗങ്ങൾക്കോ എതിരെ അറസ്റ്റ് വാറന്റ് ഇറക്കുകയോ കുറ്റങ്ങൾ ചുമത്തുകയോ ചെയ്തിരുന്നില്ലല്ലോ? നിങ്ങളെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് നിങ്ങൾക്ക് വിവരമുണ്ടായിരുന്നില്ല?

തീർച്ചയായും. ഒരു അറസ്റ്റ് വാറന്റോ പൊലീസിൽനിന്ന് ഭീഷണിയോ ഒന്നുമുണ്ടായിരുന്നില്ല. എന്തിനാണ്, എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും അവർ ഞങ്ങളോട് പറഞ്ഞില്ല. ഏതു പൊലീസ് സ്റ്റേഷനിലാക്കാണ് കൊണ്ടുപോകുന്നതെന്നതടക്കമുള്ള ഒരു വിവരവുമുണ്ടായിരുന്നില്ല.

രാത്രി രണ്ടു മണിക്ക് പൊലീസ് വീണ്ടും ഞങ്ങളുടെ വീട്ടിൽ വന്നു. എന്നിട്ട് എന്നോടും സഹോദരന്റെ ഭാര്യയോടും അന്വേഷണത്തിന്റെ ഭാഗമായി അവർക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ടു. ഒരുകാര്യം വ്യക്തമാക്കുകയാണ്, എന്റെ പിതാവിനെതിരെ ഇതുവരെയും ഒരു എഫ്.ഐ.ആറുമില്ല. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ, എവിടെയാണുള്ളതെന്നോ ഉള്ള ഒരു വിവരവുമില്ല. ഏതായാലും രാത്രി വൈകി ഇങ്ങനെയൊരു അറസ്റ്റിന് ഞങ്ങൾ നിന്നുകൊടുത്തില്ല. ഞങ്ങൾ അവർക്കൊപ്പം പോയില്ല. രാത്രി ഇങ്ങനെ സ്ത്രീകളെ പിടിച്ചുകൊണ്ടുപോകാനാകില്ലെന്ന നിയമം അവരെ ഉണർത്തുകയും ചെയ്തു.

നിങ്ങൾ പൊലീസിനൊപ്പം സ്റ്റേഷനിൽ പോയില്ല? പിന്നീട് എപ്പോഴാണ് അവർ വീട് പൊളിക്കാനെത്തിയത്?

അതെ, രാത്രി അവരുടെ കൂടെപ്പോകാൻ ഞങ്ങൾ കൂട്ടാക്കാതായതോടെ വീട്ടിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു അവർ. സ്റ്റേഷനിൽ വരുന്നില്ലെങ്കിൽ വീട്ടിൽനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളെ വീട്ടിൽനിന്ന് പുറത്തിറക്കാനും അവർ ശ്രമിച്ചു. ഞങ്ങൾ പ്രതിരോധിച്ചു വീട്ടിനുള്ളിൽ തന്നെ നിന്നു. അതോടെ അവർ വീടിനു പുറത്തുതന്നെ നിലയുറപ്പിച്ചു.

പിറ്റേന്ന് രാവിലെ 11 മണിക്ക് വീണ്ടും വീട്ടിൽനിന്ന് ഒഴിയാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ, എന്താണ് കാരണമെന്ന് അവർ ഞങ്ങളോട് വ്യക്തമാക്കിയില്ല. സുരക്ഷാ കാരണങ്ങളാലാണ് മാറാൻ പറയുന്നതെന്നു മാത്രം പറഞ്ഞു. ഞങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനാണ് അവർ ശ്രമിക്കുന്നതെന്നും സൂചിപ്പിച്ചു.

ഞങ്ങൾ സുരക്ഷിതരായിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾക്കൊപ്പം വീട്ടിനകത്താണ് നിങ്ങൾ നിൽക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. ഞങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കളിക്കുകയല്ല വേണ്ടതെന്നും പറഞ്ഞു. പിന്നീട് ഏകദേശം 24 മണിക്കൂറിനുശേഷമാണ് പൊലീസ് ഞങ്ങളുടെ വീട് പൊളിക്കാൻ തീരുമാനിച്ചത്.

താങ്കൾക്കോ കുടുംബാംഗങ്ങൾക്കോ അയൽവാസികൾക്കോ സുഹൃത്തുക്കൾക്കോ ഒക്കെ വീട്ടിനകത്തുനിന്നുള്ള വസ്തുക്കൾ മാറ്റാൻ കഴിഞ്ഞോ? നിങ്ങൾക്ക് നോട്ടീസ് ലഭിച്ചിരുന്നോ?

ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. തലേന്ന് രാത്രി പത്തു മണിക്ക് ഞങ്ങളുടെ വീട്ടിലേക്ക് വന്ന് അവർ നോട്ടീസ് പതിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ 11 മണിക്ക് ഞങ്ങളുടെ വീട് പൊളിക്കുകയാണെന്നും അതിനുമുൻപ് ഞങ്ങൾ വീട്ടിൽനിന്ന് മാറിപ്പോകണമെന്നുമായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. വീട്ടിനകത്തുള്ളതെല്ലാം നശിപ്പിക്കുകയായിരുന്നു. എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവർ ഞങ്ങളോട് പറഞ്ഞിരുന്നില്ല. അതിലേറെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കിന്നതുമായ കാര്യം ഈ നോട്ടീസിനു മുൻപും പൊളിച്ചുനീക്കുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നുവെന്ന് അതിൽ അവർ കള്ളം എഴുതിവച്ചതാണ്. ഞങ്ങൾക്കെതിരെ കോടതിയിൽ കേസുണ്ടെന്നെല്ലാം അവർ നുണപറഞ്ഞു. എന്നാൽ, കേസുകളുടെ ഒരു റഫറൻസും അവർ നൽകിയില്ല. വീട് അനധികൃതമാണെന്ന് കാണിച്ച് മുൻപ് ഞങ്ങൾക്ക് തന്ന നോട്ടീസിനെക്കുറിച്ചുള്ള സൂചനകളൊന്നും അതിലുണ്ടായിരുന്നില്ല.

സമൂഹം എങ്ങനെയാണ് ഇതിനോട് പ്രതികരിച്ചത്? ആരെങ്കിലും നിങ്ങളെ സഹായിക്കാൻ വന്നോ? എന്തെങ്കിലും ഉപദേശങ്ങളുമായി എത്തിയോ?

ഒരുകാര്യം കൂടി പറയട്ടെ, അത് വളരെ ആസൂത്രിതമായൊരു നടപടിയായിരുന്നു. തലേന്നു രാത്രി പൊലീസ് നോട്ടീസ് നൽകിയതടക്കം. കാരണം പിറ്റേന്ന് ഞായറാഴ്ചയാണ്. കോടതിയുണ്ടാകില്ല. ഞങ്ങൾക്ക് അതിനെതിരെ കോടതിയിൽ പോകാനാകില്ല. എന്നിട്ടും ഞങ്ങൾ ഓൺലൈനിൽ പരാതി നൽകി. അവർ വീട് തകർത്താലും ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരും.

അയൽവാസികൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അവർ വീട്ടിനകത്ത് ഞങ്ങൾക്കൊപ്പം നിലയുറപ്പിച്ചു. സാധ്യമായത്രയും അവര്‍ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഭക്ഷണം എത്തിച്ചുനൽകിയിരുന്നു. ഇതോടൊപ്പം ടൗണിലുള്ള നമ്മുടെ ആൾക്കാർ ഞങ്ങളുടെ ഉമ്മയും സഹോദരിയും പിതാവുമെല്ലാം എവിടെയാണുള്ളതെന്ന് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. അവരുമായി ഞങ്ങൾക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. അഭിഭാഷകരെ പോലും ഉപ്പയുമായോ ഉമ്മയുമായോ സഹോദരിയുമായോ സംസാരിക്കാൻ അനുവദിച്ചില്ല.

എന്നിട്ട് അവര്‍ ഇപ്പോൾ മോചിതരായോ?

ഉമ്മയെയും സഹോദരിയെയും ഇന്നു രാവിലെ(ജൂൺ 12) വിട്ടയച്ചിട്ടുണ്ട്. 30 മണിക്കൂറിലേറെയാണ് അവർ എവിടെയാണെന്നു പോലും അറിയിക്കാതെ നിയമവിരുദ്ധമായി തടവിൽവച്ചിരുന്നത്.

പിതാവോ? ഇപ്പോഴും തടവിൽ തന്നെയാണോ?

അതെ, അദ്ദേഹത്തെ ഇപ്പോഴും അന്യായമായി തടവിൽവച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here