ചെന്നൈ: 16 വയസ്സുകാരിയുടെ അണ്ഡം വിൽപ്പന നടത്തിയതിന് അമ്മ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ, രണ്ടാനച്ഛൻ, ഇടനിലക്കാരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം നടന്നത്. നാല് വർഷത്തിനിടെ താൻ എട്ട് തവണ അണ്ഡം വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട വലിയ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് ഇതിലൂടെ പുറത്തുവരുന്നത്.
ഈറോഡ്, സേലം, പെരുന്തുറ, ഹോസുർ എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികൾ വഴിയാണ് വന്ധ്യതാ ചികിത്സയ്ക്കായി അണ്ഡം വിൽപ്പന നടക്കുന്നത്. ഒരു അണ്ഡത്തിന് 20000 രൂപ വരെയാണ് വില. 5000 രൂപ ഇടനിലക്കാർക്ക് നൽകണം. രണ്ട് വർഷം മുമ്പ് നവജാത ശിശുവിനെ വിൽപ്പന നടത്തിയിരുന്ന സംഘത്തെ ഈറോഡിൽ നിന്നും സേലത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ വയസ്സ് കൂട്ടി, വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയാണ് സംഘം അണ്ഡവിൽപ്പന നടത്തിയിരുന്നത്.