ഭുവനേശ്വർ: ഒഡീഷയിൽ സ്വന്തം വിവാഹത്തിന് എത്താതിരുന്ന എംഎൽഎയ്‌ക്കെതിരെ കേസ്. പ്രതിശ്രുധ വധുവിന്റെ പരാതിയിൽ ബിജെഡി എംഎൽഎ ബിജയ് ശങ്കർ ദാസിനെതിരെയാണ് പോലീസ് കേസ് എടുത്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബിജയ് ശങ്കർ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മെയ് 17 നാണ് ഇരുവരും ചേർന്ന് രജിസ്ട്രാർ ഓഫീസിൽ വിവാഹ രജിസ്‌ട്രേഷനായി അപേക്ഷ നൽകിയത്. തുടർന്നാണ് കഴിഞ്ഞ ദിവസം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് രാവിലെ യുവതിയും ബന്ധുക്കളും ചേർന്ന് രജിസ്ട്രാർ ഓഫീസിൽ എത്തി. സമയം കഴിഞ്ഞും ബിജയ് ശങ്കറോ കുടുംബമോ രജിസ്ട്രാർ ഓഫീസിൽ എത്തിയില്ല. തുടർന്ന് യുവതി വീട്ടുകാരുമായി ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 430, 195 എ, 294, 509, 341, 120 ബി, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തത്. മൂന്ന് വർഷമായി ബിജയുമായി അടുപ്പത്തിലാണെന്ന് യുവതി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ബിജയ് ഉറപ്പ് നൽകിയിരുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് രജിസ്ട്രാർ ഓഫീസിൽ എത്താതിരുന്നതെന്നും യുവതി ആരോപിച്ചു.
അതേസമയം വിവാഹത്തിന്റെ കാര്യം വധുവോ കുടുംബമോ അറിയിച്ചില്ലെന്നാണ് ബിജയ് ശങ്കർ പറയുന്നത്. യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണ്. വിവാഹ തിയതിയുടെ കാര്യം അറിയാതിരുന്നതാണ് കാരണമെന്നും ബിജയ് ശങ്കർ പറഞ്ഞു.