സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

0
472

ഉപ്പള: പ്രവാസിയായ മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി അന്വേഷണസംഘത്തിന്റെ വലയിലായതായി സൂചന. ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇയാളെ പൊലീസ് വലയിലാക്കുകയായിരുന്നു. വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമമാണ് പൊലീസ് പരാജയപ്പെടുത്തിയത്. കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഊര്‍ജിതമാക്കിയിരിക്കുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചത്.

കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍നായരുടെ മേല്‍നോട്ടത്തില്‍ പത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപാകാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് ഉപ്പളയിലെ ട്രാവല്‍സ് ഉടമയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം ഭയന്ന് ട്രാവല്‍സ് ഉടമ നാട്ടില്‍ നിന്ന് മുങ്ങി. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായത്.

ട്രാവല്‍സ് ഉടമ 50 ലക്ഷം രൂപയുടെ ഡോളര്‍ ഗള്‍ഫിലുള്ള അബൂബക്കര്‍ സിദ്ധിഖിനെ ഏല്‍പ്പിക്കാന്‍ അന്‍വര്‍, അന്‍സാര്‍ എന്നിവര്‍ക്ക് കൈമാറിയിരുന്നു. അന്‍സാര്‍ ഡോളര്‍ അടങ്ങിയ ബാഗ് ഗള്‍ഫിലുള്ള സിദ്ധിഖിനെ ഏല്‍പ്പിച്ചു. ബാഗ് തുറന്ന് നോക്കിയപ്പോള്‍ ഡോളര്‍ സൂക്ഷിച്ച കവര്‍ പൊട്ടിച്ച നിലയിലായിരുന്നു. മംഗളൂരു വിമാനതാവളത്തില്‍ അന്‍സാറിനെ ഗള്‍ഫിലേക്ക് യാത്രയയച്ചതിന് ശേഷം അന്‍വര്‍ നാട്ടിലേക്ക് മടങ്ങിയതായി പറയുന്നു. ഇതിനെ ചൊല്ലി ട്രാവല്‍സ് ഉടമയും സിദ്ധിഖും പരസ്പരം ഫോണില്‍ കൊല വിളികള്‍ നടത്തിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഡോളര്‍ വാങ്ങി തന്നാല്‍ നല്ലൊരു തുക പ്രതിഫലമായി നല്‍കാമെന്ന് ക്വട്ടേഷന്‍ സംഘത്തോട് ട്രാവല്‍സ് ഉടമ പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു.

അതിനിടെ അബൂബക്കര്‍ സിദ്ധിഖിന്റെ മരണശേഷം ട്രാവല്‍സ് ഉടമ സഞ്ചരിച്ച ഗോവ രജിസ്‌ട്രേഷനിലുള്ള കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി കണ്വതീര്‍ഥയിലെ വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. സിദ്ധിഖിന്റെ കൊലയ്ക്ക് ശേഷം ഈ കാറില്‍ ട്രാവല്‍സ് ഉടമയും ഉദ്യാവര്‍ സ്വദേശിയും യാത്ര ചെയ്തിരുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.

തിങ്കളാഴ്ച പൈവളിഗെയില്‍ നിന്ന് അബൂബക്കര്‍ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വീട്ടില്‍ നിന്ന് ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. അബൂബക്കര്‍ സിദ്ധിഖിന്റെ മൃതദേഹം ആസ്പത്രിയില്‍ ഉപേക്ഷിച്ച ശേഷം സംഘം തിരിച്ചുപോയ കാര്‍ കര്‍ണാടകയിലെ തൊക്കോട്ടുനിന്ന് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.

സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയുടെ ഉപ്പളയിലെ ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് നാല് ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്. ഈ പണം പ്രതിയുടെ പിതാവിന്റേതാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. അബൂബക്കര്‍ സിദ്ധിഖിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. നെഞ്ചില്‍ ആഞ്ഞുചവിട്ടിയതും തലക്കേറ്റ അടിയുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലച്ചോര്‍ ചതഞ്ഞ നിലയിലും ആന്തികാവയവങ്ങള്‍ക്ക് കടുത്ത ക്ഷതമേറ്റ നിലയിലുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here