കാസർകോട്: പ്രവാസി അബൂബക്കർ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന. ക്വട്ടേഷൻ സ്വീകരിച്ച പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് പ്രതികളുടെ അറസ്റ്റ് അധികം വൈകാതെ ഉണ്ടാകുമെന്നും അറിയിച്ചു.
അതേസമയം, പ്രവാസിയുടെ മരണ കാരണം തലച്ചോറിന് ഏറ്റ ക്ഷതമെന്ന് വ്യക്തമാക്കുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകളുണ്ട്. കാൽ വെള്ളയിലും അടിച്ച പാടുകൾ കാണാം. നെഞ്ചിന് ചവിട്ടേറ്റു. പേശികൾ അടിയേറ്റ് ചതഞ്ഞ് വെള്ളം പോലെയായെന്നും റിപ്പോർട്ടിൽ പറഞ്ഞു. അബൂബക്കർ സിദ്ധീഖിനെ പ്രതികൾ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചെന്നും സിദ്ധീഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും സഹോദരൻ അൻവർ വെളിപ്പെടുത്തിയിരുന്നു.
കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം ആകെ അഞ്ചായിരിക്കുകയാണ്. കൊലപാതകം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തി. സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
അബൂബക്കർ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോവാൻ പൈവളിഗയിലെ സംഘത്തിന് നിദ്ദേശം നൽകിയ മഞ്ചേശ്വരം സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൈവളിക നുച്ചിലയിലെ വീട്ടിലാണ് തട്ടിക്കൊണ്ട് പോയവരെ സംഘം പാർപ്പിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ വെച്ചാണ് അബൂബക്കർ സിദ്ധീഖിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സഹോദരൻ അൻവർ ഹുസൈൻ, ബന്ധു അൻസാരി എന്നിവരെ ബന്ദിയാക്കിയതും ഈ വീട്ടിൽ വച്ച് തന്നെയാണ്. വീട്ടിൽ ഫോറൻസിക് സംഘം വിശദപരിശോധന നടത്തി. വീട്ടുടമസ്ഥനായ പൈവളിഗ സ്വദേശിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് പറയുന്നു.