ശുഭവാര്‍ത്ത: 18 രോഗികള്‍ക്ക് അര്‍ബുദം ഭേദമായി: പരീക്ഷണ മരുന്ന് ഫലപ്രദം

0
439

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളാണ് പൂര്‍ണമായി രോഗമുക്തരായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

18 രോഗികളെ മാത്രം ഉള്‍പ്പെടുത്തി വളരെ ചെറിയ ക്ലിനിക്കല്‍ പരീക്ഷണമാണ് നടത്തിയത്. 18 രോഗികള്‍ക്കും ഒരേ മരുന്നാണ് നല്‍കിയത്. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവര്‍ക്ക് മരുന്ന് നല്‍കിയത്. എല്ലാ രോഗികളിലും അര്‍ബുദം പൂര്‍ണമായി ഭേദമായി. എന്‍ഡോസ്‌കോപിയിലും പെറ്റ്, എംആര്‍ഐ സ്‌കാനുകളിലും അര്‍ബുദം കണ്ടെത്താനായില്ല.

മലാശയ അര്‍ബുദത്തിന് കിമോതൊറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകള്‍ നടത്തിയ 18 രോഗികളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായത്. രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ചികിത്സാ പരീക്ഷണത്തിന് ശേഷവും തുടര്‍ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അര്‍ബുദ ചികിത്സാ ചരിത്രത്തില്‍ ആദ്യമായാണ് ഇത് സംഭവിക്കുന്നതെന്ന് ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ ഡയസ് പറഞ്ഞു. ഇത്തരത്തില്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്ന് പഠനത്തില്‍ പങ്കാളിയായ കാലിഫോര്‍ണിയ സര്‍വകലാശാല അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ. അലന്‍ പി. വെനോക്കും പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here