വിമതര്‍ മനസിലാക്കണം.. ശിവസേനക്കാര്‍ ഇതുവരെ റോഡിലിറങ്ങിയിട്ടില്ല – മുന്നറിയിപ്പുമായി റാവുത്ത്

0
250

മുംബൈ: ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് മുന്നറിയിപ്പുമായി ശിവസേന. പ്രവര്‍ത്തകര്‍ ഇതുവരെ റോഡിലിറങ്ങിയിട്ടില്ലെന്ന് തങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന ഷിന്ദേ വിഭാഗം മനസ്സിലാക്കണമെന്ന് ശിവസേന വാക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.

‘ശിവസേന പ്രവര്‍ത്തകര്‍ ഇനിയും റോഡിലിറങ്ങിയിട്ടില്ലെന്ന് ഞങ്ങളെ വെല്ലുവിളിക്കുന്ന ഷിന്ദേ വിഭാഗം തിരിച്ചറിയണം. നിയമത്തിലൂടെയോ റോഡിലോ ആണ് ഇത്തരം പോരാട്ടങ്ങള്‍ നടക്കുന്നത്. വേണമെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ റോഡിലിറങ്ങും’ – റാവുത്ത് മുന്നറിയിപ്പ് നല്‍കി.

12 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിമതരുടെ എണ്ണം കടലാസില്‍ മാത്രമാണ്. ശിവസേന വലിയ സമുദ്രമാണെന്നും അതില്‍ തിരമാലകള്‍ വന്നുപോകുമെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ ബിജെപി ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ പോകാന്‍ അനുവദിക്കില്ലെന്നാണ് ഒരു കേന്ദ്ര മന്ത്രി ശരത് പവാറിനെ ഭീഷണിപ്പെടുത്തിയത്. മഹാവികാസ് സര്‍ക്കാര്‍ അതിജീവിക്കുകയോ ഇല്ലയോ എന്നത് പ്രശ്‌നമല്ല. ശരത് പവാറിനെതിരായിട്ടുള്ള അത്തരം ഭാഷ അംഗീകരിക്കാനാകില്ലെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here