വഴിയോ കുഴിയോ, ഇതും ദേശീയപാതയോ ? ഗര്‍ത്തങ്ങള്‍ നിറഞ്ഞ ബിഹാറിലെ റോഡ്-വൈറല്‍ വീഡിയോ

0
271

പാട്‌ന: ടാറിങ്ങിനേക്കാള്‍ കൂടുതല്‍ കുഴികളുള്ള റോഡുകള്‍ നമ്മുടെ നാട്ടില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ റോഡിന്റെ കാഴ്ച എത്തുന്ന ദൂരം വരെ നിരവധി ഗര്‍ത്തങ്ങളുള്ള പാട്‌നയിലെ ഈ റോഡ്, അതും ദേശീയപാത, അതൊരു ഒന്നൊന്നര കാഴ്ചയാണ്. അത്തരമൊരു ദൃശ്യമാണ് ബിഹാറില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. മധുബനിയിലെ ദേശീയപാത 227 റോഡിന്റെ ഈ കാഴ്ച നമ്മളെ അക്ഷരാര്‍ഥത്തില്‍ അമ്പരിപ്പിക്കും.

ദൈനിക ഭാസ്‌കര്‍ പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ പ്രവീണ്‍ താക്കൂറാണ് റോഡിന്റെ ദയനീയ കാഴ്ചയുടെ ആകശദൃശ്യം പുറത്തുവിട്ടത്. 2015 മുതല്‍ റോഡിന്റെ അവസ്ഥ ഇപ്രകാരമാണെന്ന് ദൈനിക് ഭാസ്‌കര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡ് നന്നാക്കുന്നതിനായി മൂന്ന് തവണ ടെണ്ടറുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പണി മാത്രം നടന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് വിദഗ്ധനായപ്രശാന്ത് കിഷോര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വലിയ വിമര്‍ശനമുയര്‍ത്തി രംഗത്തുവന്നിട്ടുണ്ട്.

’90കളിലെ ജംഗിള്‍ രാജ് കാലത്തെ ബിഹാറിലെ റോഡുകളുടെ അവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാഴ്ചയെന്നാണ് പ്രശാന്ത് കിഷോര്‍ ദൃശ്യം പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.

2024നുള്ളില്‍ ബിഹാറിലെ റോഡുകള്‍ അമേരിക്കന്‍ നിരത്തുകളോട് കിടപിടിക്കുന്നതാവുമെന്നായിരുന്നു രണ്ടാഴ്ച മുന്‍പ് നടന്ന പൊതുപരിപാടിക്കിടെ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിഹാറിലെ റോഡുകളില്‍ വലിയ നിര്‍മാണപ്രവര്‍ത്തനങ്ങളും വികസനവുമാണ് ഉണ്ടായതെന്നും ഹാജിപുരിലെ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here