എം എം മണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.കെ ബഷീര്‍ എം.എല്‍.എയ്ക്ക് ലീഗിന്റെ താക്കീത്. വംശീയ അധിക്ഷേപം ലീഗിന്റെ ശൈലിയല്ല. വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ സൂക്ഷ്മത പാലിക്കണം. നേതാക്കള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. സഹിഷ്ണുത പുലര്‍ത്തണമെന്നും സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.
നിറത്തിന്റെ പേരില്‍ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ല. ആദരവ് പുലര്‍ത്തി മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. ഇതിനായി പ്രാസംഗികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടിയുമായി എം എം മണി ഇന്നലെ രംഗത്തെത്തിയിരുന്നു. ബഷീര്‍ പറഞ്ഞത് വിവരക്കേടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയാള്‍ മുസ്ലിം ലീഗല്ലേ അതിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്. നിയമസഭയില്‍ ബഷീര്‍ ഒരിക്കല്‍ തന്നോട് ഏറ്റുമുട്ടിയിരുന്നു. അന്ന് താന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്നും എം എം മണി പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ ബഷീറിന് ഇപ്പോള്‍ ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ട്. അയാള്‍ ഇഷ്ടം പോലെ ചീത്തവിളികള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. താനിപ്പോള്‍ മറുപടി പറയുന്നില്ല. എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ അടുത്ത മുറികളാണ് തങ്ങളുടേത്, ഇനി നേരിട്ട് കാണുമ്പോള്‍ ചോദിയ്ക്കുമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
‘കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രിക്ക് പേടി. പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം എം മണി പോയാല്‍ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്‌റുമൊക്ക കറുപ്പല്ലേ’ എന്നായിരുന്നു പികെ ബഷീറിന്റെ വംശീയാധിക്ഷേപം. മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം കാരണം കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാള്‍ക്ക് പോലും നടക്കാന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹം കളിയാക്കിയിരുന്നു. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു വിവാദ പ്രസംഗം.