മസ്കത്ത്: ജൂൺ 17 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിലേക്ക് ഒമാനിൽനിന്ന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പളയെ തിരഞ്ഞെടുത്തു. ഇതോടെ ഒമാനിൽനിന്ന് ലോക കേരളസഭയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പത്തായി. കോവിഡിന് ശേഷം നടക്കുന്ന ലോക കേരളസഭ എന്നനിലയിൽ, പ്രധാനമായും ചർച്ച ചെയ്യുക നാട്ടിൽ മടങ്ങിച്ചെന്ന പ്രവാസികളുടെ പുനരധിവാസമായിരിക്കുമെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു. പ്രവാസികൾ കൂടുതൽ പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാലംകൂടിയാണിത്.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒറ്റക്കെട്ടായിനിൽക്കണം എന്ന് എല്ലാവർക്കും ബോധ്യവുമുണ്ട്. ഈ സാഹചര്യത്തിൽ നടക്കുന്ന സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. കോവിഡിന് ശേഷം ലോകത്തുവന്ന മാറ്റം ഉൾക്കൊള്ളാനും അതനുസരിച്ച് മുന്നോട്ടുപോകാനും ലോകത്തുള്ള മലയാളികളുടെ കഴിവ് ഉപയോഗിക്കുക സാമ്പത്തികം മാത്രമല്ല, മറിച്ച് അവരുടെ എല്ലാ മേഖലയിലുള്ള ക്രയശേഷികൂടിയാണ്. കഴിയുംവിധം എല്ലാകാര്യങ്ങളും ഉന്നയിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.