വയനാട്: കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ സംഘർഷം മുറുകുന്നതിനിടെ വയനാട് സന്ദർശനത്തിനൊരുങ്ങി രാഹുൽ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം മുപ്പതിന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തും. കോൺഗ്രസ് നേതാവിന് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ബഫർ സോൺ വിഷയത്തിൽ വയനാട് എം പി ഇടപെടുന്നില്ലെന്നാരോപിച്ച് എസ് എഫ് ഐ പ്രവർത്തകർ കൽപ്പറ്റയിലെ ഓഫീസിൽ അതിക്രമിച്ചു കയറി സാധനങ്ങൾ അടിച്ചുതകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ വമ്പൻ പ്രതിഷേധ റാലി നടത്താനൊരുങ്ങുകയാണ് കോൺഗ്രസ്. ഇന്ന് മൂന്ന് മണിയോടെ പ്രതിഷേധ റാലിയും യോഗവും നടക്കും.
അക്രമ സംഭവങ്ങൾക്ക് പിന്നാലെ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു. അക്രമം തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന വ്യാപക പരാതിയെത്തുടർന്ന് കൽപ്പറ്റ ഡി വൈ എസ് പിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അതേസമയം, സമരം പാർട്ടിയുടെ അറിവോടെയല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. എസ് എഫ് ഐയുടെ നടപടിയിൽ സിപിഎം കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു.