മുസ്ലിം പേരു കണ്ടാല്‍ ചുവപ്പ് കണ്ട കാളയെ പോലെ വിറളി പിടിക്കരുത്, അഡ്വ. ജയശങ്കറിനും വിനു വി.ജോണിനുമെതിരേ കെ.ടി ജലീല്‍

0
272

കോഴിക്കോട്: അഡ്വ. ജയശങ്കറിനും വിനു വി.ജോണിനുമെതിരേ മുന്‍ മന്ത്രി കെ.ടി ജലീല്‍. സി.പി.എം വിരോധവും മുസ്ലിം വിരോധവും കുത്തിനിറച്ചു മലീമസമായ മനസ്സല്ലാതെ മറ്റൊന്നും അഡ്വ. ജയശങ്കറിനില്ലെന്ന് കെ. ടി ജലീല്‍ ആരോപിച്ചു. എല്ലാ ദിവസവും മറ്റുള്ളവരെ പുലഭ്യം പറയാനല്ലാതെ എന്ത് ‘പാണ്ഡിത്യമാണ്’ ജയശങ്കറെന്ന ചാനല്‍ ജീവിക്കുള്ളതെന്ന് ചോദിച്ച ജലീല്‍ 19 വര്‍ഷത്തിനിടയില്‍ ഒരു കേസ് അദ്ദേഹം കോടതിയില്‍ വാദിച്ചിട്ടില്ലെന്നും പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര വക്കാലത്താണ് ജയശങ്കര്‍ എടുത്തതെന്ന് അദ്ദേഹം സ്വയം വെളിപ്പെടുത്തണമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഒരു മുസ്ലിം പേരു കണ്ടാല്‍ ചുവപ്പ് കണ്ട കാളയെ പോലെ വിറളി പിടിച്ച് പരാക്രമം കാണിക്കാന്‍ ഇനിയെങ്കിലും തുനിയാതിരിക്കുക. എന്റെ പേരാണ് നിങ്ങള്‍ക്ക് പ്രശ്‌നമെങ്കില്‍ നിങ്ങളുടെയൊക്കെ മതേതര സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ അതുമാറ്റാന്‍ എനിക്ക് മനസ്സില്ലെന്നും ജലീല്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

വിനു വി ജോണിന് മുസ്ലിം പേരുള്ള എല്ലാവരും വിവരദോഷികളും അല്‍പ്പന്മാരുമാണ്. മറ്റുള്ളവരെ പരിഹസിച്ച് അട്ടഹസിക്കലാണ് മാധ്യമ പ്രവര്‍ത്തനമെന്നാണ് ഏഷ്യാനെറ്റ് കുളത്തിലെ തവളയുടെ ധാരണ. മിസ്റ്റര്‍ വിനു മലപ്പുറം പഴയ മലപ്പുറമല്ല. മലപ്പുറത്തെ കാക്കാമാര്‍ പഴയ കാക്കാമാരുമല്ല. അവരിന്ന് ബൗദ്ധിക വൈജ്ഞാനിക രംഗത്ത് ഒരുപാട് മുന്നോട്ടു പോയി. അതില്‍ അസൂയ പൂണ്ടിട്ട് കാര്യമില്ലെന്നും ജലീല്‍ കുറിപ്പില്‍ പറഞ്ഞു.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഇസ്ലാമിക് ഹിസ്റ്ററിയും ജയശങ്കറും വിനു വി ജോണും

ഞാന്‍ തിരൂരങ്ങാടി കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന ആളാണെന്നും വിവരമില്ലെന്നുമൊക്കെ അഡ്വ: ജയശങ്കര്‍ ഇന്നലത്തെ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പറയുന്നത് കേട്ടു. സമാന രീതിയില്‍ ഒരു പ്രതികരണം മുമ്പ് ഏഷ്യാനെറ്റിലെ തന്നെ ഒരു അവതാരക ശിരോമണിയും പറഞ്ഞതായി ചിലര്‍ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
അഡ്വ ജയശങ്കര്‍ വലിയ നിയമജ്ഞനും മഹാ പണ്ഡിതനുമാണെന്നാണ് അദ്ദേഹത്തിന്റെ വിചാരം. ഹൈക്കോടതിയിലെ കേസില്ലാ വക്കീലന്‍മാരുടെ കൂട്ടത്തില്‍ പ്രഥമ ഗണനീയ സ്ഥാനമാണ് ജയശങ്കറെന്ന നിയമ കേസരിക്കുള്ളത്. കഴിഞ്ഞ പത്തൊന്‍പത് വര്‍ഷത്തിനിടയില്‍ ഒരു കേസ് ടിയാന്‍ കോടതിയില്‍ വാദിക്കുന്നത് കേട്ടിട്ടില്ലെന്നാണ് ഒരു അഭിഭാഷകന്‍ പറഞ്ഞത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര വക്കാലത്താണ് ജയശങ്കര്‍ എടുത്തതെന്ന് അദ്ദേഹം സ്വയം വെളിപ്പെടുത്തിയാല്‍ നന്നാകും. എല്ലാ ദിവസവും ചാനലുകളില്‍ വന്നിരുന്ന് മറ്റുള്ളവരെ പുലഭ്യം പറയാനല്ലാതെ എന്ത് ‘പാണ്ഡിത്യമാണ്’ ജയശങ്കറെന്ന ചാനല്‍ ജീവിക്കുള്ളത്? കേസുള്ള വക്കീലന്‍മാര്‍ക്ക് ചാനല്‍ റൂമുകളില്‍ സന്ധ്യാസമയം ചെലവിടാന്‍ എവിടെ നിന്നാ നേരം കിട്ടുക?
സി.പി.എം വിരോധവും മുസ്ലിം വിരോധവും കുത്തിനിറച്ച മലീമസമായ മനസ്സല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് സ്വന്തമായി അവകാശപ്പെടാനില്ല.

ഞാന്‍ എം.എ എടുത്തത് ചരിത്രത്തിലാണ്. അല്ലാതെ ഇസ്ലാമിക് ഹിസ്റ്ററിയിലല്ല. എന്നാല്‍ അറിവ് സമ്പാദിക്കുന്നതിന്റെ ഭാഗമായുള്ള അധിക വായനയിലൂടെ ഇസ്ലാമിക ചരിത്രവും വായിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ പഠിപ്പിക്കുന്നതും ചരിത്രമാണ്. ഇസ്ലാമിക ചരിത്രമല്ല. ഇനി ഇസ്ലാമിക ചരിത്രമാണ് പഠിച്ചതും പഠിപ്പിക്കുന്നതും എന്ന് കരുതുക. എന്താ കുഴപ്പം? കേരളത്തിലെ മികച്ച പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനും നിലവില്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യുന്നവരില്‍ മുന്‍നിരയിലുള്ള വ്യക്തിയുമായ അബ്ദുസ്സമദ് സമദാനി ഇസ്ലാമിക് ഹിസ്റ്ററിയില്‍ എം.എ എടുത്ത് ഫാറൂക്ക് കോളേജില്‍ അദ്ധ്യാപകനായ വ്യക്തിയാണ്.
ഇപ്പോള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും എടുത്തയാളാണ്. സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എ. വിജയരാഘവന്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡറാണ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇസ്ലാമിക് ഹിസ്റ്ററിയിലാണ് കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കി പി.ജി എടുത്തത്. ഇവര്‍ക്കൊന്നും വിവരമില്ലാ എന്നാണോ തനി വര്‍ഗ്ഗീയത പുലമ്പുന്നവര്‍ക്ക് സ്‌പെയ്‌സ് കൊടുക്കുന്ന ചാനല്‍ മുത്തശ്ശിയായ ഏഷ്യാനെറ്റിന്റെയും അഭിപ്രായം?

വിനു വി ജോണിന്റെ കാര്യം അദ്ദേഹത്തെ കേള്‍ക്കുന്ന എല്ലാവര്‍ക്കും അറിയാം. മുസ്ലിം പേരുള്ള എല്ലാവരും അദ്ദേഹത്തിന് വിവരദോഷികളും അല്‍പ്പന്മാരുമാണ്. മറ്റുള്ളവരെ പരിഹസിച്ച് അട്ടഹസിക്കലാണ് മാധ്യമ പ്രവര്‍ത്തനമെന്നാണ് ഏഷ്യാനെറ്റ് കുളത്തിലെ തവളയുടെ ധാരണ. മിസ്റ്റര്‍ വിനു മലപ്പുറം പഴയ മലപ്പുറമല്ല. മലപ്പുറത്തെ കാക്കാമാര്‍ പഴയ കാക്കാമാരുമല്ല. അവരിന്ന് ബൗദ്ധിക വൈജ്ഞാനിക രംഗത്ത് ഒരുപാട് മുന്നോട്ടു പോയി. അതില്‍ അസൂയ പൂണ്ടിട്ട് കാര്യമില്ല. എല്ലാ കാലത്തും ആരാന്റെ വിറകുവെട്ടികളും വെള്ളം കോരികളുമാകാന്‍ അവരെ കിട്ടില്ല. അവര്‍ക്കുമറിയാം നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളും നടത്താന്‍. അവര്‍ക്കുമറിയാം കലാ സാംസ്‌കാരിക സിനിമാ ചാനല്‍ മേഖലകളില്‍ തിളങ്ങാന്‍. അവര്‍ക്കുമറിയാം ഭരണ രംഗത്ത് മികവ് പ്രകടിപ്പിക്കാന്‍. രാജ്യത്തുണ്ടായ പൊതു വികസന സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഇതെല്ലാം സഹോദര മതസ്ഥരെപ്പോലെ അവരും നേടിയത്.

ജയശങ്കറിനും വിനു വി ജോണിനും സിറിയക് ജോസഫിനും അതില്‍ ‘കെറുവ്’ തോന്നുന്നുണ്ടെങ്കില്‍ അത് മനസ്സില്‍ വെച്ചാല്‍ മതി. ഒരു മുസ്ലിം പേരു കണ്ടാല്‍ ചുവപ്പ് കണ്ട കാളയെ പോലെ വിറളി പിടിച്ച് പരാക്രമം കാണിക്കാന്‍ ഇനിയെങ്കിലും തുനിയാതിരിക്കുക. എന്റെ പേരാണ് നിങ്ങള്‍ക്ക് പ്രശ്‌നമെങ്കില്‍ നിങ്ങളുടെയൊക്കെ മതേതര സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ അതുമാറ്റാന്‍ എനിക്ക് മനസ്സില്ല. ഇടതുപക്ഷത്ത് നില്‍ക്കുന്ന വിശ്വാസികളായ (പ്രാക്ടീസിംഗ്) മുസ്ലിങ്ങളെ താറടിച്ച് കാണിച്ച് മനോവീര്യം കെടുത്തി ലീഗിലും കോണ്‍ഗ്രസ്സിലും എത്തിച്ചു കൊടുക്കാമെന്ന് കരാറെടുത്തിട്ടുള്ളവര്‍ വാങ്ങിയ അച്ചാരം തിരിച്ച് കൊടുക്കുന്നതാണ് മര്യാദ. എനിക്ക് എന്തു കിട്ടുന്നു എന്നതിനെക്കാള്‍ പ്രധാനം രാജ്യത്തിന്റെ വര്‍ത്തമാന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ എന്താണ് എന്നുള്ളതാണ്. കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും ഇടതുപക്ഷത്തിനു മാത്രമേ മതഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രത്തോട് ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കാന്‍ സാധിക്കൂ. യെച്ചൂരിയിലും പിണറായിയിലും ബൃന്ദാ കാരാട്ടിലും കോടിയേരിയിലും വിശ്വാസികളും മതേതര വാദികളുമായ നാനാജാതി മതസ്ഥര്‍ക്കും വിശ്വാസവും പ്രതീക്ഷയുമുണ്ട്. വിശ്വാസികളായ മുസ്ലിങ്ങളും അതില്‍ നിന്ന് ഭിന്നരല്ല.
ചാനല്‍ ചര്‍ച്ചയില്‍ കരഞ്ഞ് തീര്‍ത്തും ന്യായവും നീതിയും തൊട്ടു തീണ്ടാത്ത വിധി പറഞ്ഞും വിശ്വാസികളായ മുസ്ലിങ്ങളെ ഇടതുപക്ഷത്ത് നിന്ന് മാറ്റാനാണ് ”ഇസ്ലാമോഫോബിയ” മനം നിറയെ കൊണ്ടു നടക്കുന്നവരുടെ ഉദ്ദേശമെങ്കില്‍ ആ വേല കയ്യിലിരിക്കട്ടെ. വെറുതേ ചാനല്‍ റൂമുകളിലിരുന്ന് നാക്കിട്ടടിച്ച് സമയം കളയാതിരിക്കലാണ് കേരളത്തിന്റെ മത-സാമുദായിക സൗഹൃദ രംഗം വഷളാകാതിരിക്കാന്‍ നല്ലത്. ഇതൊന്നും പറയണമെന്ന് കരുതിയതല്ല. ജയശങ്കറും വിനു വി ജോണും പറയിപ്പിച്ചതാണ്.

ഒരു മുസ്ലിം പേരു കണ്ടാല്‍ ചുവപ്പ് കണ്ട കാളയെ പോലെ വിറളി പിടിച്ച് പരാക്രമം കാണിക്കാന്‍ ഇനിയെങ്കിലും തുനിയാതിരിക്കുക. എന്റെ പേരാണ് നിങ്ങള്‍ക്ക് പ്രശ്‌നമെങ്കില്‍ നിങ്ങളുടെയൊക്കെ മതേതര സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ അതുമാറ്റാന്‍ എനിക്ക് മനസ്സില്ല.

LEAVE A REPLY

Please enter your comment!
Please enter your name here