മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ്; ഇന്നും കരിങ്കൊടി പ്രതിഷേധം

0
211

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിനു നേരെ തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചീമുട്ടയേറ്. മുഖ്യമന്ത്രിക്ക് നേരെ യൂത്ത്കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.

ക്ലിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ച പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. നാല് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍‌ത്തകര്‍ക്ക് നേരെ വധശ്രമ ഗൂഢാലോചന ചുമത്തി. മുഖ്യമന്ത്രിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കേസിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നാം പ്രതി സുനിത്ത് കുമാര്‍ ഒളിവിലാണ്.

മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ കുറ്റകരമായ ഗൂഡാലോചന നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ‘നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നേരെ പ്രതികള്‍ പാഞ്ഞടുത്തു. വിമാനത്തിന്‍റെ സുരക്ഷക്ക് മൂന്ന് പ്രതികളും ഭീഷണി ഉയര്‍ത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ അനില്‍ കുമാറിനെ പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പൊലീസ് കണ്ടെത്തി.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് വിമാന കമ്പനിയും ആവശ്യപ്പെട്ടു. മൂന്ന് പ്രതികളില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ മെഡിക്കല്‍ കോളേജിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള മൂന്നാം പ്രതി സുനിത് കുമാറിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. ഇയാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here