മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

0
200

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് , കൊല്ലം കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സർക്കാറിന് പിന്തുണ അറിയിച്ച് ഡി.വൈ.എഫ്.ഐയും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ഇന്നും സംഘർഷമുണ്ടായി. കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം , മലപ്പുറം, കൊല്ലം കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി .

ബിരിയാണി ചെമ്പുമായി മഹിളാ കോൺഗ്രസും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. കോട്ടയം കലക്ട്രേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ആർ.എസ്. എസിന്‍റെ ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here