മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിന് വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നു; 88 ലക്ഷത്തിലധികം ചിലവാക്കിയാണ് വാഹനം വാങ്ങുന്നത്

0
246

മുഖ്യമന്ത്രിയുടെ എസ്‌കോർട്ടിന് വീണ്ടും വാഹനം വാങ്ങുന്നു. 88 ലക്ഷത്തിലധികം ചിലവാക്കി കിയ അടക്കം നാല് വാഹനങ്ങളാണ് വാങ്ങുന്നത്. 2022 ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറും വാങ്ങാൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയർ ഒഴിവാക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. ഇതോടെ പുതിയ ഉത്തരവിൽ ആകെ ചെലവ് 88.69 ലക്ഷമായി ഉയർന്നു. കാർണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്.

നിലവിൽ മൂന്നു കറുത്ത ഇന്നോവ കാറുകളാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കും എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കുമായി ഉള്ളത്. ഈ കാറുകൾ വാങ്ങാൻ തീരുമാനിച്ച സമയത്ത് മറ്റൊരു കാർ കൂടി വാങ്ങുന്നതിന് അനുമതിയായിരുന്നു. എന്നാൽ അതിനു സുരക്ഷ കുറവാണെന്നു ഡിജിപി ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മറ്റൊരു കമ്പനിയുടെ കാർ വാങ്ങുന്നത്. ഇനി മുതൽ ഈ കാറിലാകും മുഖ്യമന്ത്രിയുടെ യാത്ര. വടക്കൻ ജില്ലകളിലെ യാത്രകളിൽ പഴയ വാഹനങ്ങൾ ഉപയോഗിക്കും.

കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കാർണിവൽ സീരിസിലെ ലിമോസിൻ കാറാണ് പുതുതായി വാങ്ങുന്നത്. കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാർ വാങ്ങാനുള്ള തീരുമാനം.

സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 കാർ വാങ്ങുന്നത്. ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here