മുംബൈ: മഹാരാഷ്ട്രയില്‍ വിമത എം.എല്‍.എമാരുടെ ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. വിമത എം.എല്‍.എമാരുടെ കുടുംബങ്ങള്‍ അടക്കം ഭീഷണിയിലെന്ന് മുന്‍ മന്ത്രി ഏക് നാഥ് ഷിന്‍ഡെ പറഞ്ഞു.
ശിവസേനയില്‍ നിന്ന് പിന്മാറിയതിന്റെ പ്രതികാരമായി കുടുംബാംഗങ്ങള്‍ക്കുള്ള സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചെന്നും ഏക് നാഥ് ഷിന്‍ഡെ ആരോപിച്ചു.
എന്നാല്‍ സുരക്ഷ പിന്‍വലിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതിഷേധങ്ങള്‍ ശക്തമായതോടെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ താനെയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ജൂണ്‍ അവസാനം വരെയായിരിക്കും നിരോധനാജ്ഞയുണ്ടാകുക. പ്രദേശത്തെ ക്രമസമാധാനനില തകരാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം വിമത എം.എല്‍.എയായ മങ്കേഷ് കുണ്ടല്‍ക്കറിന്റെ ഓഫീസിന് നേരെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പൂനെയിലെ തനാജി സാവന്ത് എന്ന വിമത എം.എല്‍.എയുടെ ഓഫീസിന് നേരെയും ശിവസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.
പ്രതിഷേധങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ഷിന്‍ഡെയുടെ താനെയിലെ വസതിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഷിന്‍ഡെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ‘ശിവസേന ബാലാസാഹെബ് താക്കറെ’ എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍.