മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ.
വമ്പന്‍ ട്വിസ്റ്റായിട്ടാണ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവ് പ്രഖ്യാപിച്ചത്. ഫഡ്നാവിസ് സർക്കാരിൻന്‍റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ പ്രഖ്യാപനം. അതേസമയം, ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ ഭാഗമാകണമെന്ന് ദേശീയ നേതാവ് ജെ പി നദ്ദയാണ് ഫഡ്നാവിസിനോട് ആവശ്യപ്പെട്ടത്.
Mumbai: Eknath Shinde takes oath as the Chief Minister of Maharashtra pic.twitter.com/F7GpqxGozq
— ANI (@ANI) June 30, 2022
1980ൽ ശിവസേനയിൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ് ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. ഉദ്ദവ് സർക്കാരിന്‍റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ് ഷിൻഡേ. ഉദ്ദവ് സർക്കാരിനെ വീഴ്ത്താൻ നേതൃത്വം നൽകിയ ഷിൻഡേ തന്നെ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.