മഞ്ചേശ്വരം തലപ്പാടിയിൽ 150ഓളം മോഷണ കേസുകളിലെ പ്രതികളായ രണ്ടു പേർ പിടിയിൽ

0
223

മഞ്ചേശ്വരം: നിരവധി കവർച്ച കേസുകളിൽ പ്രതികളായ രണ്ടു യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തലപ്പാടിയിൽനിന്ന് പിടികൂടിയ മോഷ്ടാക്കളെ ചോദ്യംചെയ്തപ്പോഴാണ് 150ഓളം മോഷണങ്ങൾ നടത്തിയെന്ന വിവരം പൊലീസിന് ലഭിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ പ്രതീഷ് (36), സജിത്ത് (37) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം തലപ്പാടിയിൽനിന്ന് പോക്കറ്റടിച്ച സംഭവത്തിൽ മഞ്ചേശ്വരം എസ്.ഐ അൻസാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഒരാളെ പിടിക്കുകയും മറ്റൊരാൾ ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു പ്രതിയെ പൊലീസ് കാഞ്ഞങ്ങാടുനിന്ന് പിടികൂടി. പ്രതീഷിനെതിരെ ബാലുശ്ശേരി, കൽപറ്റ, പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനുകളിൽ എട്ടോളം കേസുകളുണ്ട്. കുമ്പള സ്റ്റേഷനിലും കേസുള്ളതായി പൊലീസ് പറഞ്ഞു. പ്രതികൾ ഒരു വർഷമായി കോഴിക്കോടുനിന്ന് വന്ന് കാഞ്ഞങ്ങാട് മുറി എടുത്ത് മോഷണം നടത്തുന്നതായി എസ്.ഐ പറഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്. അഡീഷനൽ എസ്.ഐ ശറഫുദ്ദീൻ, ടോണി, ആരിഫ്, ഡ്രൈവർ പ്രവീൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here