ഭരണകൂട അനീതിയുടെ ചിഹ്നമായി ബുള്‍ഡോസര്‍ രാജ് രൂപം കൊള്ളുന്നു; ഇന്ത്യ ഇന്ത്യയല്ലാതാവുന്നതിന് മുമ്പ് ഫാസിസ്റ്റ് വ്യാപനത്തിന് പ്രതിരോധമുണ്ടാകണം: മുനവ്വറലി ശിഹാബ് തങ്ങള്‍

0
186

കോഴിക്കോട്: പ്രവാചകനെതിരായ പരാമര്‍ശത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ ആളുകളുടെ വീട്ടില്‍ ബുള്‍ഡോസറുമായെത്തി തകര്‍ക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നടപടിയില്‍ വിമര്‍ശനവുമായ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍.

പ്രതിഷേധിക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നത് ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി മാറുന്നുവെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തങ്ങളുടെ പ്രതികരണം.

ഒരു സമൂഹം ജീവനേക്കാള്‍ സ്‌നേഹിക്കുന്ന, അന്ത്യ പ്രവാചകന്‍ എന്ന് വിശ്വസിക്കുന്ന ഉത്കൃഷ്ടനായ ഒരു മഹദ് വ്യക്തിത്വം യാതൊരു തത്വദീക്ഷയുമില്ലാതെ നിന്ദിക്കപ്പെടുന്നു.
ഭരണകൂട അനീതിയുടെ ചിഹ്നമായി ബുള്‍ഡോസര്‍ രാജ് രൂപം കൊള്ളുന്നു. മുസ്‌ലിങ്ങളും ദളിതുകളും ഈ അനീതിയുടെ ഇരകളായി തീരുന്നു.

പൗരാവകാശങ്ങള്‍ അഥവാ ന്യൂനപക്ഷാവകാശങ്ങള്‍ ഏറ്റവും ക്രൂരമായി ഇല്ലായ്മ ചെയ്യുന്ന രാജ്യമായി ഫാസിസ്റ്റ് ഏകാധിപതികള്‍ ഇന്ത്യയെ മാറ്റികൊണ്ടിരിക്കുന്നു. വിശ്വസ്‌നേഹത്തിന്റെ പ്രതീകമായി ലോകം ദര്‍ശിച്ചിരുന്ന ഇന്ത്യ എന്ന നമ്മുടെ അഭിമാന രാജ്യത്തിന്റെ മനോഹരമായ പൈതൃകത്തെ ഭരണകൂടം ദയാരഹിതമായി തിരുത്തികുറിക്കുന്നതിന്റെ അട്ടഹാസങ്ങള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നുവെന്നും തങ്ങള്‍ പറഞ്ഞു.

ഫാസിസത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ ഭയപ്പെടുത്തുന്ന ഒരു ഘട്ടമാണ് ഇത്തരത്തില്‍ നമുക്ക് മുന്‍പിലൂടെ കടന്നുപോവുന്നത്.

നീതി ലഭ്യമാക്കേണ്ട സര്‍ക്കാര്‍ തന്നെ ഹിംസയുടെ നടത്തിപ്പുകാരായി മാറുമ്പോള്‍ നിസ്സഹായരായ മനുഷ്യരുടെ അവസാന പ്രതീക്ഷകളും ഇല്ലാതാവുകയാണ്.

നീതി പീഠങ്ങളുടെ ഇടപെടലുകളും ജനാധിപത്യ രാഷ്ട്രീയത്തിന്റെ ബ്ലോക്കുകള്‍ക്കും മാത്രമല്ലാതെ, ഈ ഫാസിസ്റ്റ് വ്യാപനത്തിന് പ്രതിരോധം തീര്‍ക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമാവുകയാണ്. ഇന്ത്യ ഇന്ത്യ അല്ലാതാവുന്നതിന് മുമ്പ് അത് സാധ്യമാവുമോ എന്നതാണ് നമുക്ക് മുന്‍പിലുള്ള ചോദ്യമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here