‘ബിജെപി നേതാക്കൾ ഇന്ത്യയുടെ മതേതര മുഖം വികൃതമാക്കുന്നു’; നബി വിരുദ്ധ പ്രസ്താവനകൾക്കെതിരെ കുഞ്ഞാലിക്കുട്ടി

0
195

മലപ്പുറം: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ നിർത്താൻ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബിജെപി തെളിയിച്ചു കൊണ്ടിരിക്കുന്നതെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രവാചകനെതിരെയുള്ള ബിജെപി നേതാക്കളുടെ പരാമർശങ്ങളിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്. ആഗോളതലത്തിൽ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

ബിജെപി നേതാക്കളുടെ പ്രസ്താവനയെ തുടർന്നുണ്ടായ ലഹളയുടെ ഭാഗമായി മുസ്ലിം വിഭാഗത്തിനെതിരെ മാത്രം ഏകപക്ഷീയമായി പൊലീസ് കേസെടുക്കുകയാണ് ചെയ്തത്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നില്ലെന്ന് മാത്രമല്ല, കള്ളക്കേസിൽ കുടുക്കിയ മുസ്ലീങ്ങളുടെ  വീടുകൾ പൊളിച്ച് നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ തികച്ചും അന്യായവും ജനാധിപത്യ വിരുദ്ധവുമാണ്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ നിർത്താൻ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രവാചകനെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങളിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്. ആഗോളതലത്തിൽ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടർന്നുണ്ടായ ലഹളയുടെ ഭാഗമായി മുസ്ലിം വിഭാഗത്തിനെതിരെ മാത്രം ഏകപക്ഷീയമായി പോലീസ് കേസെടുത്തിരിക്കുകയാണ്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നില്ലെന്ന് മാത്രമല്ല കള്ളക്കേസിൽ കുടുക്കിയ മുസ്ലിംകളുടെ വീടുകൾ പൊളിച്ച് നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ഇതൊക്കെ തികച്ചും അന്യായവും ജനാധിപത്യ വിരുദ്ധവുമാണ്.

ലഹളക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വർദ്ധിച്ച് വന്നിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയം ലോക രാജ്യങ്ങൾ നിരീക്ഷിച്ച് വരുന്നുണ്ട്. രാജ്യത്ത് നടക്കുന്ന മുനഷ്യാവകാശ ധ്വംസനത്തിലും മതസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്നതിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ജനാധിപത്യ മതേതര സൂചികയിലും രാജ്യം ഏറെ പിറകോട്ട് പോയതായി ആഗോള ഏജൻസികളുടെ കണക്കുകൾ സൂചിപ്പിക്കുന്നുമുണ്ട്.

1991-ലെ ആരാധനാലയ നിയമം നിലനിൽക്കേ വിവിധ മസ്ജിദുകൾ കൈയ്യേറാൻ ശ്രമിക്കുന്നതും മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ബുൾഡോസർ രാഷ്ട്രീയം പ്രയോഗിക്കുന്നതും ബി.ജെ.പി തുടരുന്ന വെറുപ്പിന്റെ സ്വഭാവമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.

ജനാധിപത്യ മതേതര മാർഗത്തിലൂടെയുള്ള പ്രതിഷേധവും, പോരാട്ടവുമാണ് ഇതിനെതിരെയുള്ള പ്രതിരോധ മാർഗം. മതേതര കക്ഷികൾ ഒറ്റക്കെട്ടായി നിന്ന് ഈ പോരാട്ടം നയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here