പ്രതിഷേധങ്ങളിൽ ആളിക്കത്തി കേരളം; വിവിധയിടങ്ങളിൽ സംഘർഷം; കോൺ​ഗ്രസ് മാർച്ചിനിടെ പൊലീസ് ലാത്തി വീശി

0
208

തിരുവനന്തപുരം: കെപിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തി വീശി. കെപിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിനിടെ ശാസ്തമം​ഗലത്ത് വച്ചാണ് പൊലീസ് ലാത്തി വീശിയത്.

ഇവിടെയുള്ള വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ചിനിടെ ചില കോൺ​ഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് രണ്ട് തവണ ലാത്തിവീശിയത്. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഏറെ നേരം റോഡിൽ കുത്തിയിരുന്നു.

അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ യൂത്ത് കോൺ​ഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺ​ഗ്രസ്- ഡിവൈഎഫ്ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചവറ പന്മനയിലും സം​ഘർഷം അരങ്ങേറി.

കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം അരങ്ങേറി. തലശ്ശേരി ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി ഓഫീസിന്റെ ബോർഡും ചില്ലുകളും തകർത്തു. കാസർക്കോട് നിലേശ്വരത്ത് കോൺ​ഗ്രസ് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തു. പത്തനംതിട്ട അടൂരിലും തിരുവല്ല മല്ലപ്പള്ളിയിലും കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി.

നേരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന്  നേരെ കല്ലേറുണ്ടായിരുന്നു. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം. ഇന്ദിരാ ഭാവന്റെ ബോര്‍ഡിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പ്രകോപന നീക്കം.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. എംജി റോഡിന് ഇരുവശത്തും സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സുകളാണ് നശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here