പമ്പയിൽ കണ്ട പോലീസ് വാനിലെ ചിഹ്നം വിവാദമാവുന്നു. ചന്ദ്രക്കലയും നക്ഷത്രവും പതിച്ച് പമ്പയിലെത്തിയ പോലീസ് വാനിൻ്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് വിവാദം. പോലീസ് വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം
മാസ പൂജക്ക് ശബരിമല നട തുറന്നപ്പോൾ പമ്പയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. വാനിനു പിറകിൽ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയൻ ഉപയോഗിക്കുന്ന വാനിലായിരുന്നു ഇങ്ങനെ ചിഹ്നം പതിച്ചത്. തീർത്ഥാടകനായ കരുനാഗപ്പള്ളി സ്വദേശി ജയകുമാർ നെടുമ്പ്രേത്ത് ആണ് ദൃശ്യങ്ങൾ പകർത്തിയത്.
ശബരിമല പോലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രത്തിൽ ഇത്തരത്തിൽ ചിഹ്നംപതിച്ച് പോലീസ് വാഹനം എത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വാഹനങ്ങൾ അനുവദിക്കുമ്പോൾ പോലീസ് എന്ന് എഴുതുകയും ഔദ്യോഗിക ചിഹ്നംപതിക്കുകയുമല്ലാതെ മറ്റ് യാതൊരുവിധ ചിഹ്നങ്ങും പാടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.