പൊലീസുകാരന്റെ കയ്യിൽനിന്ന് താഴേക്കൂർന്ന് ഓടിയകന്ന് ശ്രീനിവാസൻ; ട്രോൾ– വിഡിയോ

0
308

ന്യൂഡൽഹി ∙ പിടികൂടാനെത്തിയ പൊലീസിനെ ‘കബളിപ്പിച്ച്’ ഓടുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി.ശ്രീനിവാസന്റെ വിഡിയോ വൈറൽ. നാഷനൽ ഹെറൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശ്രീനിവാസന്റെ ഓട്ടം. ഇതിന്റെ വിഡിയോ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു.

പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനായി കാറിൽ വന്ന ശ്രീനിവാസനെ പൊലീസ് തടയുന്നതും അദ്ദേഹം പുറത്തിറങ്ങുന്നതുമാണു വിഡിയോയിൽ ആദ്യം ഉള്ളത്. വാതിൽതുറന്നു പുറത്തിറങ്ങിയ ശ്രീനിവാസന്റെ തോളിൽ കയ്യിട്ട് കസ്റ്റഡിയിൽ എടുക്കാൻ പൊലീസുകാരൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, ഞൊടിയിടയിൽ പൊലീസുകാരന്റെ കയ്യിൽനിന്നു താഴേക്കൂർന്നു ശ്രീനിവാസൻ ഓടിപ്പോകുന്നതാണു പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.

ശ്രീനിവാസനെ പരിഹസിച്ച്, കേന്ദ്ര വാർത്താവിതരണ മന്ത്രാലയം സീനിയർ അഡ്വൈസർ കാഞ്ചൻ ഗുപ്ത ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ‘സത്യഗ്രഹികളെ നേരിടാൻ പൊലീസ് വരുമ്പോൾ ആരും ഓടിപ്പോയിരുന്നില്ലെന്നാണു ചരിത്രം നമ്മോടു പറയുന്നത്. അവർ ലാത്തികളും ബുള്ളറ്റുകളും നേരിട്ടു, ജയിലിൽ കിടന്നു, വീര സവർക്കറെപ്പോലെ’– നാഷനൽ ഹെറൾഡ് കേസിലെ പ്രതി രാഹുൽ ഗാന്ധിയുടെ അടുത്തയാളെന്നു വിശേപ്പിച്ച്, ശ്രീനിവാസനെ ടാഗ് ചെയ്തു കാഞ്ചൻ ഗുപ്ത ട്വീറ്റ് ചെയ്തു.

പൊലീസുകാരിൽനിന്ന് ഒളിച്ചോടിയതല്ലെന്നു വ്യക്തമാക്കി, വിമർശനത്തിനു മറുപടിയായി ശ്രീനിവാസ് പുതിയ വിഡിയോ പങ്കുവച്ചു. പൊലീസിന്റെ കയ്യിൽനിന്നു വഴുതി ഓടിപ്പോകുന്ന വിഡിയോയ്ക്കൊപ്പം, ഇഡി ഓഫിസിനു മുന്നിലെ പ്രതിഷേധം നയിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചു വാഹനത്തിലേക്കു കയറ്റുന്നതിന്റെ ദൃശ്യങ്ങളുമാണു ശ്രീനിവാസൻ ട്വീറ്റ് ചെയ്തത്. ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ ആക്രമിക്കും, എന്നിട്ടായിരിക്കും വിജയം എന്ന ഗാന്ധിജിയുടെ ഉദ്ധരണിയും ട്വീറ്റിൽ ചേർത്തിരുന്നു.

രാഹുലിനെ ഇഡി തിങ്കളാഴ്ച 10 മണിക്കൂറിലേറെയാണു ചോദ്യം ചെയ്തത്. രാത്രി 11.30ന് അവസാനിച്ച ചോദ്യംചെയ്യൽ ചൊവ്വാഴ്ചയും തുടരും. രാവിലെ ഇഡി ഓഫിസിലേക്കു രാഹുലിനെ അനുഗമിച്ച മുഖ്യമന്ത്രിമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കു പൊലീസ് – സിആർപിഎഫ് സേനാംഗങ്ങളുമായുള്ള സംഘർഷത്തിൽ മർദനമേറ്റു. പി.ചിദംബരത്തിന്റെ ഇടതു വാരിയെല്ലിനു പൊട്ടലുണ്ട്. നെഞ്ചിൽ ഇടിയേറ്റു തളർന്നുവീണ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ അറസ്റ്റ് ചെയ്തുനീക്കി.

നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. പലരെയും വലിച്ചിഴച്ചാണു പൊലീസ് വാഹനത്തിൽ കയറ്റിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടി, കേരളത്തിൽനിന്നുള്ള എംപിമാർ തുടങ്ങിയവരെയും പൊലീസ് ബലമായി വഴിയിൽ തടഞ്ഞു. നേതാക്കളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ പ്രിയങ്ക ഗാന്ധിയും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

 

LEAVE A REPLY

Please enter your comment!
Please enter your name here